| Thursday, 18th March 2021, 12:58 pm

ബി.ജെ.പിക്കെതിരെ സഖ്യകക്ഷി എം.എല്‍.എ; സര്‍ക്കാര്‍ ശ്രമിക്കുന്നത് ഒരുപിടി വ്യവസായികളെ സന്തോഷിപ്പിക്കാനെന്ന് വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: കര്‍ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബി.ജെ.പി സഖ്യകക്ഷി എം.എല്‍.എ. ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ ബി.ജെ.പിയുടെ സഖ്യകക്ഷിയായ അപ്നദള്‍ (എസ്) എം.എല്‍.എയാണ് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകരെ പിന്തുണച്ച് രംഗത്തെത്തിയത്.

ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്
സര്‍ക്കാരിന് ഒരു പ്രശ്‌നവുമില്ലെന്നാണ് തോന്നുന്നതെന്നും ഒരുപിടി വ്യവസായികളെ അസന്തുഷ്ടരാക്കാതിരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തോന്നുന്നുവെന്നും അപ്നദള്‍ (എസ്) എം.എല്‍.എ അമര്‍ സിംഗ് ചൗധരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, സര്‍ക്കാരിനെയും ബി.ജെ.പിയേയും വിശ്വാസിക്കാന്‍ കൊള്ളില്ലെന്ന് കര്‍ഷക നേതാവ് നരേഷ് ടികായത് പറഞ്ഞു.

മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെപ്പോലുള്ളവര്‍ ഇനിയും മുന്നോട്ടുവരുമെന്നും ബി.ജെ.പി എം.പിമാര്‍ ഇപ്പോള്‍ കിടന്ന് ശ്വാസംമുട്ടുകയാണെന്നും ടികായത് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മാസങ്ങള്‍ നീണ്ട സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ച് കഴിഞ്ഞദിവസം സത്യപാല്‍ മാലിക് രംഗത്തുവന്നിരുന്നു.

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ ബി.ജെ.പി സര്‍ക്കാരിന് പിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അതിന് കാരണം കര്‍ഷക സമരത്തോടുള്ള കേന്ദ്രത്തിന്റെ സമീപനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു

കര്‍ഷക സമരത്തില്‍ കൃത്യമായ പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെതിരെ സംസാരിച്ചതിന്റെ പേരില്‍ നടപടിയെടുക്കുകയാണെങ്കില്‍ നേരിടുമെന്നും ഗവര്‍ണര്‍ സ്ഥാനത്തില്ലായിരുന്നെങ്കിലും തന്റെ നിലപാട് ഇതുതന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:NDA ally extends support to farmers

We use cookies to give you the best possible experience. Learn more