ന്യൂദല്‍ഹി: ഏക സിവില്‍ കോഡ് ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ബി.ജെ.പി ഒരുങ്ങുന്നതിനിടെ നിയമം നടപ്പാക്കുന്നതിനെ എതിര്‍ത്ത് എന്‍.ഡി.എയിലെ സഖ്യകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍.ഡി.പി.പി). നാഗാലാന്‍ഡിലെ ബി.ജെ.പിയുടെ ഭരണ സഖ്യകക്ഷിയാണ് അവര്‍.
ഏക സിവില്‍ കോഡ് ന്യൂനപക്ഷ സമുദായങ്ങളുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് എന്‍.ഡി.പി.പി പറഞ്ഞതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഏക സിവില്‍ കോഡ് കൊണ്ടുവരുന്നത് രാജ്യത്തിന്റെ ഐക്യത്തിന് തടസമാകുമെന്നും, വൈകാരികമായ വിഭജനം സൃഷ്ടിക്കുമെന്നും നാഗാലാന്‍ഡിലെ ഭരണകക്ഷി പാര്‍ട്ടി വ്യക്തമാക്കി.
‘വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുനല്‍കുന്ന, സാഹോദര്യം പ്രോത്സാഹിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കാണ് ഇന്ത്യ. ഏകത്വവും നാനാത്വവും എല്ലായ്‌പ്പോഴും ഇന്ത്യയുടെ മുഖമുദ്രയാണ്.
വ്യത്യസ്തമായ പൂക്കളുള്ള മനോഹരമായ പൂച്ചെണ്ടായിട്ടാണ് ഞങ്ങള്‍ രാജ്യത്തെ കാണുന്നത്. നമ്മുടെ രാഷ്ട്രം വിവിധ പാരമ്പര്യങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള വ്യത്യസ്ത ജനവിഭാഗങ്ങളാല്‍ നിര്‍മിതമാണ്.
ജനങ്ങള്‍ക്കായി ഒരു പൊതു സിവില്‍ കോഡ് അവതരിപ്പിക്കുന്നത് തീര്‍ച്ചയായും രാജ്യത്തിന്റെ പ്രഖ്യാപിത ആദര്‍ശങ്ങള്‍ നേടിയെടുക്കുന്നതിനെ പ്രതികൂലമായി ബാധിക്കും. ഇത് തീര്‍ച്ചയായും വൈകാരികമായ ഭിന്നത സൃഷ്ടിക്കും. അത് രാഷ്ട്ര പുരോഗതിക്ക് ഗുണകരമാകില്ല.
വിഷയം പുനപരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും 22ാം നിയമ കമ്മീഷനോടും ആവശ്യപ്പെട്ടിട്ടുണ്ട്,’ എന്‍.ഡി.പി.പി വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഏഴ് പതിറ്റാണ്ടായി തുടരുന്ന നാഗാ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനായി ഇന്തോ-നാഗ ചര്‍ച്ചകള്‍ പുരോഗമിക്കവെ ഏക സിവില്‍ കോഡ് അവതരിപ്പിക്കുന്നത് കൂടുതല്‍ അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന് എന്‍.ഡി.പി.പി വ്യക്തമാക്കി. ഇരു വിഭാഗങ്ങളും അന്തിമ ഉടമ്പടിയില്‍ ഒപ്പിടുന്നതിനുള്ള ചര്‍ച്ചകള്‍ വിപുലമായി മുന്നോട്ടു പോകുന്നുണ്ടെന്നും എന്‍.ഡി.പി.പി നേതൃത്വം അറിയിച്ചു.
നേരത്തെ ഏക സിവില്‍ കോഡിനെ എതിര്‍ത്ത് നാഗാലാന്‍ഡിലെ പ്രതിപക്ഷ പാര്‍ട്ടിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ട് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ നാഗാലാന്‍ഡില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും എന്‍.ഡി.പി.പിയും വിജയിക്കുകയും തുടര്‍ച്ചയായി രണ്ടാം തവണയും സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. 60 അംഗ നിയമസഭയില്‍ എന്‍.ഡി.പി.പി 25 സീറ്റുകള്‍ നേടിയപ്പോള്‍ ബി.ജെ.പി 12 സീറ്റുകളാണ് നേടിയത്.
ശീതകാല സമ്മേളനത്തില്‍, പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ നിയമനിര്‍മാണമായിരിക്കും ഏക സിവില്‍ കോഡെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളില്‍ ബി.ജെ.പി അണികള്‍ പ്രചരിപ്പിക്കുന്നുണ്ട്.
Content Highlights: NDA alliance party NDPP opposes uniform civil code