'ഹാത്രാസ് പെണ്‍കുട്ടിയുടെ വ്യക്തി വിവരങ്ങള്‍ പ്രചരിപ്പിച്ചു'; അമിത് മാളവ്യ,സ്വര ഭാസ്‌കര്‍, ദിഗ് വിജയ് സിംഗ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് ദേശീയ വനിത കമ്മീഷന്
ന്യൂദല്‍ഹി: ഹാത്രാസ് കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേശീയ വനിത കമ്മീഷന്‍.
മാളവ്യയെ കൂടാതെ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്, നടി സ്വര ഭാസ്‌കര്‍, തുടങ്ങിയവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ അറിയിച്ചു.
മാളവ്യ മാത്രമല്ല, സ്വര ഭാസ്‌കര്‍, ദിഗ് വിജയ് സിംഗ് ഉള്‍പ്പടെയുള്ളവര്‍ പെണ്‍കുട്ടിയുടെ വ്യക്തിഗത വിവരങ്ങള്‍ പ്രചരിപ്പിച്ചവരാണ്. സോഷ്യല്‍ മീഡിയയിലൂടെയും ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെയുമാണ് ഇത് സംഭവിച്ചത്- രേഖ ശര്‍മ്മ പറഞ്ഞു.
അതേസമയം ഹാത്രാസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഇക്കാര്യം വ്യക്തമായാല്‍ ഉടന്‍ തന്നെ ഇവര്‍ക്കെതിരെ നോട്ടീസ് അയക്കുമെന്നും അവര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവരെപ്പറ്റി ക്യത്യമായ വിവരങ്ങള്‍ കമ്മീഷന് ലഭിച്ചിട്ടുണ്ടെന്നും രേഖ ശര്‍മ്മ വ്യക്തമാക്കി.
ഒക്ടോബര്‍ രണ്ടിനാണ് ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീഡിയോ ട്വീറ്റ് ചെയ്ത് ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ രംഗത്തെത്തിയത്.
ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയും മറ്റൊരു വ്യക്തിയും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയിലുള്ളത്. തനിക്ക് നേരേയുണ്ടായ ലൈംഗികാതിക്രമത്തെ ചെറുക്കാന്‍ ശ്രമിച്ചെന്നും അപ്പോള്‍ പ്രതികള്‍ തന്റെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടി പറയുന്ന വീഡിയോയാണ് മാളവ്യ ട്വീറ്റ് ചെയ്തത്.
ഇതിനെതിരെ നിരവധിപേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രം പങ്കുവെച്ചത് നിയമവിരുദ്ധമാണെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 228എ(1) വകുപ്പ് പ്രകാരം ലൈംഗികാതിക്രമം ചെയ്യപ്പെട്ട വ്യക്തിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഈ നിയമത്തെ മറികടന്നാണ് അമിത് മാളവ്യയുടെ ട്വീറ്റെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകരുകയും നാവ് മുറിക്കപ്പെടുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 30 ന് ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക