മുംബൈ: മഹാരാഷ്ട്രയിലെ ബീഡില്‍ കരിമ്പു പാടത്ത് ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വരുന്നെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. ആര്‍ത്തവ സമയത്ത് ജോലിക്ക് പോയില്ലെങ്കില്‍ പിഴ അടക്കേണ്ടി വരുമെന്നതിനാലാണ് സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതെന്ന് ദ ഹിന്ദു പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
സ്ത്രീകളുടെ അവസ്ഥ അസുഖകരവും, പരിതാപകരവുമാണെന്ന് കമ്മീഷന്‍ വിലയിരുത്തുന്നു. സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന ഈ അക്രമങ്ങളില്‍ തങ്ങള്‍ ആശങ്കാകുലരാണെന്നും കമ്മീഷന്‍ പറഞ്ഞു.
ഭാവിയില്‍ ഇത്തരം ചൂഷണങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും, ഇതിന് കാരണക്കാരായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മഹാരാഷ്ട്ര ചീഫ് സെക്രട്ടറി യു.പി.എസ് മദനിന് അയച്ച നോട്ടീസില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.
ചൂഷണത്തിനിരയായ സ്ത്രീകള്‍ക്കുള്ള പുനരധിവാസ പദ്ധതികളും, അവരെ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാനായുള്ള നടപടികളും കൈക്കൊള്ളുമെന്നും കമ്മീഷന്‍ അറിയിച്ചു.