| Saturday, 11th May 2019, 2:35 pm

സ്ത്രീകള്‍ റൊട്ടിയുണ്ടാക്കുക മാത്രമാണ് ചെയ്യുന്നതെന്നാണോ നിങ്ങള്‍ ധരിച്ചു വച്ചിരിക്കുന്നത്? നവ ജ്യോത് സിങ് സിദ്ദുവിനെതിരെ വനിതാ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധുവുമായി ഉപമിച്ച കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിനെതിരെ വനിത കമ്മീഷന്‍ ചെയര്‍പേര്‍സണ്‍. സിദ്ദൂവിന്റേത് സ്ത്രീവിരുദ്ധ പരാമര്‍ശമാണെന്ന് രേഖ ശര്‍മ്മ പറഞ്ഞു.

‘പ്രസ്താവനയെ ശക്തമായി എതിര്‍ക്കുന്നു. ഇത് കാണിക്കുന്നത് സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ മനോഭാവമാണ്. അദ്ദേഹം മനസ്സിലാക്കുന്നത് സ്ത്രീകള്‍ റൊട്ടിയുണ്ടാക്കുക മാത്രമാണ് ചെയ്യുന്നതെന്നാണോ? ഒരു ഭാഗത്ത് ഇന്ത്യന്‍ സ്ത്രീകള്‍ എല്ലാ ഗ്ലാസ് സീലിങ്ങുകളും പൊട്ടിച്ചെറിയുകയാണ്. എന്നാല്‍ സിദ്ദുവിന് സ്ത്രീവിരുദ്ധതയുടെ ഗ്ലാസൂകളിലൂടെയെ സ്ത്രീകളെ കാണാന്‍ കഴിയൂ..’ രേഖ ശര്‍മ ട്വിറ്ററില്‍ കുറിച്ചു.

നരേന്ദ്രമോദിയെ നവവധുവുമായി ഉപമിച്ച സിദ്ദു വധു വളകള്‍ കൊണ്ട് ശബ്ദം ഉണ്ടാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ആവശ്യത്തിന് ചപ്പാത്തി ഉണ്ടാക്കില്ല എന്നുമായിരുന്നു പറഞ്ഞത്.

‘മോദി ജീ വധുവിനെപോലെയാണ്. അവര്‍ കുറച്ച് ചപ്പാത്തികളേ ഉണ്ടാക്കുന്നുള്ളു. പക്ഷെ അവര്‍ വളകള്‍കൊണ്ട് ശബ്ദമുണ്ടാക്കുന്നതിനാല്‍ അയല്‍വാസികള്‍ അവര്‍ കൂടുതല്‍ ജോലി ചെയ്തതായി കരുതുന്നു. ഇത് തന്നെയാണ് മോദി സര്‍ക്കാരും ചെയ്ത് കൊണ്ടിരിക്കുന്നത്.’ നവ ജ്യോത് സിങ് സിദ്ദു പറഞ്ഞു.

ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും രാജ്യത്തെ കൊള്ളയടിക്കുന്ന ബി.ജെ.പിക്ക് എതിരെയല്ലെന്നും സിദ്ദു പറഞ്ഞു.

‘ബി.ജെ.പി രാജ്യം കൊള്ളയടിക്കുമ്പോള്‍ നിങ്ങള്‍ ഒന്നും ചെയ്തില്ലേ എന്ന് ഭാവി തലമുറ ചോദിക്കാതിരിക്കാന്‍ പാടില്ലാത്തതുകൊണ്ടാണ് പ്രധാനമന്ത്രിക്കെതിരായ പ്രശ്‌നങ്ങള്‍ ഞാന്‍ ഉയര്‍ത്തിക്കാട്ടുന്നത്. ആറ് പത്രസമ്മേളനങ്ങളിലായ് ഞാന്‍ മോദിക്കെതിരെ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. മറ്റ് പല പ്രശ്‌നങ്ങളും ഞാന്‍ ഉയര്‍ത്തികാട്ടി. എന്നാല്‍ അവര്‍ ഒരു പ്രശ്‌നങ്ങളും ഇന്നേ വരെ ഉയര്‍ത്തിയില്ല. ഒരാള്‍ അവരുടെ അടുത്ത് പോകുമ്പോള്‍ അദ്ദേഹം സ്ത്രീ സുരക്ഷയെയോ, വിദ്യഭ്യാസത്തെയോ, കര്‍ഷകരുടെ പ്രശ്‌നത്തെയോകുറിച്ച് സംസാരിക്കുന്നില്ല.’ നവജ്യോത് സിങ് സിദ്ദു പറഞ്ഞു.

സിദ്ദു മുന്‍പും വിവാദപരാമര്‍ശങ്ങളില്‍ കുടുങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ബി.ജെ.പി നേതാക്കളെ കറുത്ത തൊലിയുള്ള ബ്രിട്ടീഷുകാര്‍ എന്ന് വിളിച്ചത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more