ഇന്ത്യയിൽ വനിത സഞ്ചാരികൾ സുരക്ഷിതരല്ലെന്ന് അമേരിക്കൻ മാധ്യമപ്രവർത്തകൻ; രാജ്യത്തെ അപമാനിച്ചുവെന്ന് വനിത കമ്മീഷൻ അധ്യക്ഷ
national news
ഇന്ത്യയിൽ വനിത സഞ്ചാരികൾ സുരക്ഷിതരല്ലെന്ന് അമേരിക്കൻ മാധ്യമപ്രവർത്തകൻ; രാജ്യത്തെ അപമാനിച്ചുവെന്ന് വനിത കമ്മീഷൻ അധ്യക്ഷ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 5th March 2024, 10:53 am

ന്യൂദൽഹി: പങ്കാളിക്കൊപ്പം ഇന്ത്യയിൽ പര്യടനത്തിനെത്തിയ സ്പാനിഷ് വ്ലോഗർ ജാർഖണ്ഡിൽ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തെ കുറിച്ച് സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ്‌ ചെയ്ത അമേരിക്കൻ മാധ്യമപ്രവർത്തകനെതിരെ ദേശീയ വനിത കമ്മീഷൻ ചെയർപേഴ്സൺ രേഖ ശർമ.

അമേരിക്കൻ മാധ്യമപ്രവർത്തകൻ ഇന്ത്യയെ അപമാനിക്കുകയാണെന്നാണ് രേഖ ശർമയുടെ വാദം.

സ്പാനിഷ് വ്ലോഗർ തനിക്കുണ്ടായ അനുഭവം വിവരിക്കുന്ന വീഡിയോ റിട്വീറ്റ്‌ ചെയ്ത ഡേവിഡ് ജോസഫ് വോളോഡ്സ്ക്കോ, ഇന്ത്യയിലെ തന്റെ അനുഭവം പങ്കുവെക്കുകയായിരുന്നു. ഇന്ത്യയിലെ ലൈംഗിക അതിക്രമങ്ങളുടെ തോത് താൻ മറ്റെവിടെയും കാണാത്തത്രയാണെന്നായിരുന്നു അദ്ദേഹം എക്‌സിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പിൽ പറഞ്ഞത്.


ഒരിക്കൽ തികച്ചും അപരിചിതയായ ഒരു ബ്രിട്ടീഷ് യുവതി ട്രെയിനിൽ വെച്ച് തന്നോട് അവരുടെ കിടക്കയിൽ കിടക്കാനും ബോയ്ഫ്രണ്ട് ആയി അഭിനയിക്കുവാനും ആവശ്യപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.

ട്രെയിനിന്റെ ഇടനാഴിയിലൂടെ നടന്നുപോയ ഒരാൾ അവരുടെ കാലിൽ നക്കിയതിനെ തുടർന്ന് അവർക്ക് സുരക്ഷിതമല്ലെന്ന് തോന്നിയതുകൊണ്ടായിരുന്നു തന്നോട് അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടതെന്ന് വോളോഡ്സ്ക്കോ തന്റെ കുറിപ്പിൽ പറയുന്നു.

മറ്റൊരിക്കൽ ഒരു വിദേശ വനിതയെ തന്റെ മുമ്പിൽ വെച്ച് ഒരാൾ കയറിപ്പിടിച്ചതിനെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം താൻ ഇന്ത്യയെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടെന്നും ലോകത്തെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ഇതെന്നും അദ്ദേഹം പറയുന്നുണ്ട്. ഒപ്പം വനിത സുഹൃത്തുക്കളോട് ഒറ്റയ്ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്ത് കുറച്ച് ദിവസങ്ങൾക്ക് വേണ്ടി മാത്രം വന്നവരാണെങ്കിൽ പോലും അതിക്രമമോ മോശം പെരുമാറ്റമോ നേരിടാത്ത ഒരു വനിത സഞ്ചാരിയെയും ഞാൻ കണ്ടിട്ടില്ല. എനിക്ക് ഇന്ത്യയെ ഇഷ്ടമാണ്. അതെപ്പോഴും ലോകത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരിക്കും. പക്ഷേ അവിടേക്ക് ഒറ്റക്ക് യാത്ര ചെയ്യരുതെന്ന് ഞാൻ എന്റെ വനിത സുഹൃത്തുക്കളോട് പറയാറുണ്ട്,’ വോളോഡ്സ്ക്കോ പറഞ്ഞു.

എന്നാൽ പൊലീസിൽ ഈ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്ത വോളോഡ്സ്ക്കോ ഇതെല്ലാം കെട്ടിച്ചമച്ചതാണെന്നായിരുന്നു രേഖ ശർമയുടെ മറുപടി.

‘ഈ സംഭവം നിങ്ങൾ എപ്പോഴെങ്കിലും പൊലീസിൽ റിപ്പോർട്ട് ചെയ്തിരുന്നോ? ഇല്ലെങ്കിൽ നിങ്ങളൊരു നിരുത്തരവാദിയായ വ്യക്തിയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ മാത്രം എഴുതി ഒരു രാജ്യത്തെ മുഴുവൻ അപമാനിക്കുന്നത് ഒരു നല്ല തീരുമാനമല്ല,’ അവർ എക്‌സിൽ പോസ്റ്റ്‌ ചെയ്തു.

അതേസമയം ശർമക്കെതിരെ നിരവധി പേർ രംഗത്ത് വന്നു. ഇരയെ കുറ്റപ്പെടുത്തുന്ന ശർമ പദവിയിൽ നിന്ന് രാജിവെക്കണമെന്ന് ആവശ്യം ഉയർന്നു.

നേരത്തെയും രേഖ ശർമക്കെതിരെ സമാനമായ ആരോപണങ്ങൾ ഉണ്ടായിരുന്നു.

മാർച്ച്‌ ഒന്നിനാണ് ജാർഖണ്ഡിലെ ടുംകയിൽ വെച്ച് സ്പാനിഷ് വ്ലോഗർ ആക്രമിക്കപ്പെട്ടത്. ദക്ഷിണേഷ്യയിലൂടെ പര്യടനം നടത്തുന്ന വ്ലോഗർ ദമ്പതികൾ പാകിസ്ഥാനിലും ബംഗ്ലാദേശിലും യാത്ര നടത്തിയ ശേഷം ഇന്ത്യ വഴി നേപ്പാളിലേക്ക് പോകാനിരിക്കുകയായിരുന്നു.

Content Highlight: NCW chief Rekha Sharma fumes at American journalist’s tweet reacting to Jharkhand gang-rape of Spanish vlogger