| Wednesday, 21st October 2020, 11:57 am

ലൗ ജിഹാദ്, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനം; ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്ത് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ലൗ ജിഹാദ് വര്‍ധിക്കുന്നുവെന്ന പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്ന് ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്ത് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ.

2012 ലും 2014 ലും ഇവര്‍ നടത്തിയ ചില ട്വീറ്റുകളാണ് ഇപ്പോള്‍ ഡിലീറ്റ് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും കളിയാക്കുന്ന ചില ട്വീറ്റുകള്‍ ഇവര്‍ മുമ്പ് ഷെയര്‍ ചെയ്തിരുന്നു.

അതോടൊപ്പം തന്നെ സ്ത്രീകളെ ആക്ഷേപിക്കുന്ന രീതിയിലും ചില ട്വീറ്റുകള്‍ ഈ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്തിരുന്നു. ഇവ കൂട്ടത്തോടെ അക്കൗണ്ടില്‍ നിന്ന് ഒഴിവാക്കിയതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്ര ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ സംസ്ഥാനത്ത് ലൗ ജിഹാദ് കൂടുന്നുവെന്ന തരത്തിലുള്ള രേഖ ശര്‍മ്മയുടെ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇത്തരം പിന്തിരിപ്പന്‍ മനോഭാവമുള്ളവര്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ യോഗ്യയല്ലെന്നും ചിലര്‍ ട്വീറ്റ് ചെയ്തിരുന്നു. സംഭവം വിവാദമായതോടെയാണ് അധ്യക്ഷയുടെ പഴയ ട്വീറ്റുകളടക്കം ഡിലീറ്റ് ചെയ്തത്.

സ്ത്രീവിരുദ്ധമായ നിങ്ങളുടെ ട്വീറ്റുകളെ എന്തിന് ഒളിപ്പിക്കുന്നു. നാണക്കേട് കൊണ്ട് തൂങ്ങി മരിക്കേണ്ട അവസ്ഥയാണ് രാജ്യത്തെ ബി.ജെ.പി സര്‍ക്കാരിന്. റേപ്പിസ്റ്റുകളെ പിന്തുണയ്ക്കുന്നവരാണ് ദേശീയ വനിതാ കമ്മീഷന്റെ തലപ്പത്ത് വരെ ഇരിക്കുന്നത്. സ്ത്രീകള്‍ക്ക് സുരക്ഷിതമായ രാജ്യമല്ല ഇന്ത്യ. രാജിവെച്ച് പുറത്തുപോകു- എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വീറ്റ്.

ചൊവ്വാഴ്ചയാണ് മഹാരാഷ്ട്ര ഗവര്‍ണറായ ഭഗത് സിംഗ് കോഷ്യാരിയും വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയും കൂടിക്കാഴ്ച നടത്തിയത്. ഈയടുത്തിടെ വിവാദമായ തനിഷ്‌ക് പരസ്യവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് ലൗ ജിഹാദിനെപ്പറ്റിയും ഇരുവര്‍ക്കുമിടയില്‍ സംസാരം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് ലൗ ജിഹാദ് കേസുകളില്‍ വന്‍ വര്‍ധനവുണ്ടായതായി രേഖ ശര്‍മ്മ ചര്‍ച്ചയില്‍ ഉന്നയിച്ചെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

മഹാരാഷ്ട്രയില്‍ ലൗ ജിഹാദ് കേസുകള്‍ വര്‍ദ്ധിക്കുന്ന വിഷയം രേഖ ശര്‍മ്മ ചര്‍ച്ചയില്‍ ഉന്നയിച്ചു. സമ്മതത്തോടെയുള്ള ഇന്റര്‍-ഫെയ്ത്ത് വിവാഹങ്ങളും ലൗ ജിഹാദും തമ്മില്‍ വ്യത്യാസമുണ്ടെന്നും അവര്‍ പറഞ്ഞു. രണ്ടാമത്തെ വിഷയത്തില്‍ വളരെ ശ്രദ്ധ ആവശ്യമാണെന്നും രേഖ പറഞ്ഞുവെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ചര്‍ച്ചയ്ക്ക് ശേഷം കമ്മീഷന്റെ ഔദ്യോഗിക ട്വിറ്റീല്‍ ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയെപ്പറ്റി പരാമര്‍ശമുണ്ടായിരുന്നു. സംസ്ഥാനത്തെ വനിതാ സുരക്ഷയും, കൊവിഡ് സെന്ററുകളും, ലൗ ജിഹാദ് കേസുകളിലെ വര്‍ധനവിനെപ്പറ്റിയുമാണ് ചര്‍ച്ച നടന്നതെന്നായിരുന്നു ട്വീറ്റ്.

അതേസമയം ലൗ ജിഹാദ് ചര്‍ച്ചകള്‍ക്കെതിരെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കാരണം ലൗ ജിഹാദ് എന്ന പദം തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നതാണ്.

മുസ്‌ലിം പുരുഷനും ഹിന്ദു സ്ത്രീയും തമ്മിലുള്ള ബന്ധത്തെ ലക്ഷ്യം വെച്ചാണ് ഈ പദമുപയോഗിക്കുന്നത്. ഇത്തരം ബന്ധങ്ങളെല്ലാം നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്നാണ് ഈ വിഭാഗത്തിന്റെ വാദം.

എന്നാല്‍ നിലവിലുള്ള നിയമപ്രകാരം ലൗ ജിഹാദ് എന്ന പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഒരു കേന്ദ്ര ഏജന്‍സിയും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്നും സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ഗവര്‍ണറും വനിതാ കമ്മീഷന്‍ അധ്യക്ഷയും തമ്മിലുള്ള ചര്‍ച്ചകളിലും ലൗ ജിഹാദ് കടന്നുവരുന്നതെന്നാണ് പ്രധാന വിമര്‍ശനം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Rekha Sharma Deletes Old tweets

We use cookies to give you the best possible experience. Learn more