ന്യൂദല്‍ഹി: ഇന്ത്യയില്‍ ലൈംഗിക തൊഴില്‍ നിയമ വിധേയമാക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ലളിത കുമരമംഗലം. ഇതിനു നിയമ സാധുത നല്‍കുന്നതോടെ ലൈംഗിക വ്യാപാരങ്ങള്‍ ചെറുക്കാനും ലൈംഗിക തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപെടുത്താനും കഴിയുമെന്നും അവര്‍ പറഞ്ഞു.
ലൈംഗിക തൊഴില്‍ ചെയ്യുന്നവരുടെ ജോലി സമയം, പ്രതിഫലം, ആരോഗ്യം, കുടുംബാംഗങ്ങളുടെ വിദ്യഭ്യാസവും സാമ്പത്തികവുമായ ഭദ്രത എന്നിവ ഉറപ്പ് വരുത്താനുള്ള നിയമ നടപടികള്‍ സ്വീകരിക്കുവാനും വനിതാ കമ്മീഷന്‍ ലക്ഷ്യമിടുന്നുണ്ടെന്നും ഇത് വഴി എച്ച്.ഐ.വി പോലുള്ള ലൈംഗിക രോഗങ്ങള്‍ തടയാന്‍ കഴിയുമെന്നും അവര്‍ വിശദമാക്കി.
“ലൈംഗിക വ്യാപാരം തടയുവാനാണ് നിയമം കൊണ്ടുവരുന്നത്. ലൈംഗിക തൊഴിലാളികളായ ഭൂരിപക്ഷം വനിതകളും ലൈംഗികക്കടത്തിന് വിധേയമായവരാണ്. നിയമം നിലവില്‍ വരുന്നതോടെ ലൈംഗിക വ്യാപാരം ശക്തമായി നേരിടാന്‍ കഴിയും” ലളിത കുമരമംഗലം പറഞ്ഞു. ഇത് സംബന്ധിച്ചുള്ള കമ്മീഷന്‍ തീരുമാനം നവംബര്‍ 8ന് നടക്കുന്ന കാബിനറ്റ് ഉന്നതാധികാര സമിതിയില്‍ അറിയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിയമത്തിന്റെ അഭാവത്തില്‍, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ജോലിയെടുക്കാന്‍ ലൈംഗിക തൊഴിലാളികള്‍ നിര്‍ബന്ധിതരാവുകയാണ്. സംഘടിത ലൈംഗിക തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന കൊല്‍ക്കത്തയിലെ സൊനാഗച്ചിയില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷിതരല്ലെന്നും ലൈംഗിക തൊഴിലാളികളെ സമീപിക്കുന്നവര്‍ കോണ്ടം അടക്കമുള്ള സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തയാറാകത്തത് നിയമത്തിന്റെ അഭാവം മൂലമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അതേ സമയം ലൈംഗിക തൊഴില്‍ നിയമവിധേയമാക്കുന്നതിനെതിരെ പ്രതിഷേധവുമായി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തെത്തി. ലൈംഗിക തൊഴില്‍ നിരോധിക്കണമെന്നും ഇതിലേക്ക് സ്ത്രീകളെ കടത്തുന്നവരെ ശിക്ഷിക്കണമെന്നും സുപ്രീം കോടതി അഭിഭാഷകനും ശക്തി വാഹിനി എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റുമായ അഡ്വക്കേറ്റ് രവി കാന്ത് പറഞ്ഞു.
ലൈംഗിക തൊഴില്‍ വഴി വരുമാനം ഉണ്ടാക്കുന്നത് ഇടനിലക്കാരാണെന്നും ലൈംഗിക വ്യാപാരം നിയമ വിധേയമാക്കുന്നത് ഇടനിലക്കാരെ ശക്തിപെടുത്തുമെന്നും ലൈംഗിക വ്യാപാരത്തിനെതിരെ പ്രവര്‍ത്തിക്കുന്ന അപ്‌നെ ആപ് വിമന്‍ വേള്‍ഡ് വൈഡിന്റെ പ്രവര്‍ത്തക ടിങ്കു ഖന്ന പ്രതികരിച്ചു.