ന്യൂദല്‍ഹി: ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷന്‍. എക്‌സില്‍ മഹുവ നടത്തിയ കമന്റിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ ആണ് കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണ് മഹുവ നടത്തിയതെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു. ഹത്രാസിലെത്തിയ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മയ്ക്ക് ഒരാള്‍ കുട പിടിച്ച് കൊടുത്തതിനെ വിമര്‍ശിച്ചായിരുന്നു മഹുവ രംഗത്തെത്തിയത്.
ബോസിന്റെ വസ്ത്രം താങ്ങി നടക്കുന്നതിന്റെ തിരക്കിലാണ് രേഖ ശര്‍മയെന്നാണ് എക്‌സില്‍ പങ്കുവെച്ച വീഡിയോക്ക് താഴെ മഹുവ കമന്റിട്ടത്. ഇതിലാണ് ഇപ്പോള്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.
എന്നാല്‍ കേസിനെ വെല്ലുവിളിച്ച് മഹുവ രംഗത്തെത്തി. പരാതിയില്‍ അടിയന്തരമായി നടപടിയെടുക്കാന്‍ മഹുവ ദല്‍ഹി പൊലീസിനെ വെല്ലുവിളിച്ചു.
താന്‍ ബംഗാളിലെ നാദിയയില്‍ ഉണ്ടാകും. മൂന്ന് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യണമെന്നാണ് ദല്‍ഹി പൊലീസിനെ വെല്ലുവിളിച്ചുകൊണ്ട് മഹുവ എക്‌സില്‍ കുറിച്ചത്.
അപകീര്‍ത്തികരമായ പരാമര്‍ശമാണ് മഹുവ നടത്തിയത്. മഹുവ നടത്തിയ അസഭ്യമായ പരാമര്‍ശങ്ങള്‍ അതിരുകടന്നതും സ്ത്രീയുടെ അന്തസ്സിനെ അപമാനിക്കുന്നതുമാണ്. മഹുവയുടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ മഹുവയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്തെത്തി. വെറുപ്പുളവാക്കുന്ന പ്രസ്താവന നടത്തിയ മഹുവയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കണമെന്നാണ് ബി.ജെ.പി ആവശ്യപ്പെട്ടത്.
Content Highlight: ncw case against mahua moitra