വി.കെ സിങ്ങിന്റെ പരാമര്‍ശം നിര്‍ഭാഗ്യകരമായിപ്പോയെന്ന് ദേശീയ പട്ടിക ജാതി കമ്മീഷന്‍ ചെയര്‍മാന്‍ പി.എല്‍ പുനിയ പറഞ്ഞു. ഈ കേസില്‍ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും എസ്.സി/എസ്.ടി ആക്ട് പ്രകാരവും കേസെടുക്കാനാകുമോ എന്നും ഇതുവരെ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും അറിയിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു.
വി.കെ സിങ്ങിനെതിരെ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, ഒരു മന്ത്രിക്കെതിരെ നോട്ടീസ് പുറപ്പെടുവിക്കാന്‍ കമ്മീഷനാവില്ലെന്നും എന്നാല്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്കെതിരെ സാധിക്കുമെന്നും പുനിയ പറഞ്ഞു. ഡി.ജി.പിയോടും എസ്.എസ്.പിയോടും നവംബര്‍ 2ന് കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച്ചയാണ് ഹരിയാനയിലെ ഫരീദാബാദില്‍ കുടുംബത്തെ ജീവനോടെ ചുട്ടെരിക്കാനുള്ള ശ്രമത്തിനിടെ രണ്ട് കുട്ടികള്‍ വെന്തുമരിച്ചത്. “ഒരു പട്ടിയെ ആരെങ്കിലും കല്ലെറിഞ്ഞാല്‍ അതില്‍ സര്‍ക്കാറിന് ഉത്തരവാദിത്തമില്ല” എന്നായിരുന്നു ഈ സംഭവത്തോട് വി.കെ സിങ്ങിന്റെ പ്രതികരണം. ഇത് രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണെന്നും സര്‍ക്കാറിനെ ഇതുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നതോടെ വി.കെ.സിങ്ങ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയുകയായിരുന്നു.