| Wednesday, 18th October 2023, 4:20 pm

ചന്ദ്രയാന്‍ 3 ന്റെ വിജയത്തെ മോദിയുടെ വിജയമാക്കി എന്‍.സി.ആര്‍.ടി പാഠപുസ്തകം; വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐ.എസ്.ആര്‍.ഒ.യുടെ ചന്ദ്രയാന്‍ 3 വിക്ഷേപണ വിജയത്തെ പ്രധാനമന്ത്രി മോദിയുടെ മാത്രം വിജയമായി വിവരിച്ച് എന്‍.സി. ഇ.ആര്‍.ടി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ചന്ദ്രയാനെ കുറിച്ചുള്ള പ്രത്യേക സപ്ലിമെന്ററി മൊഡ്യൂളിലാണ് ചന്ദ്രയാന്‍ വിജയത്തിന്റെ മുഴുവന്‍ ക്രഡിറ്റും മോദിക്ക് നല്‍കുന്നത്. ബഹിരാകാശശാസ്ത്രത്തെ പുരാണവുമായി കൂട്ടിക്കുഴക്കുന്ന ചില വാചകങ്ങളും പുസ്തകത്തിലുണ്ട്.

‘ഓരോ പരാജയത്തിനു ശേഷവും ഐ.എസ്.ആര്‍.ഒ തളര്‍ന്നില്ല. പക്ഷേ ഒരിക്കല്‍കൂടി വിക്ഷേപണം നടത്താന്‍ പ്രധാനമന്ത്രി ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചന്ദ്രയാന്‍-3 വിക്ഷേപിച്ചു’ എന്ന രീതിയിലാണ് എന്‍.സി.ഇ.ആര്‍.ടി പുസ്തകത്തിലെ വാചകം.

‘മുന്‍പ് ചന്ദ്രയാന്‍ 2 വിജയകരമായി ചന്ദ്രനില്‍ ഇറക്കിയതിനുശേഷം ശാസ്ത്രജ്ഞരുടെ ആത്മവിശ്വാസം കുറഞ്ഞിരുന്നു. എന്നാല്‍ രാജ്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നമ്മുടെ ശാസ്ത്രജ്ഞരുടെ മനോധൈര്യം വര്‍ദ്ധിപ്പിക്കുകയും ഒരിക്കല്‍ കൂടി വിക്ഷേപണം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.

എല്ലാ ശാസ്ത്രജ്ഞരും മുന്‍കാല അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട് തങ്ങളുടെ ജോലി മെച്ചപ്പെടുത്താന്‍ ശ്രമിച്ചു, അങ്ങനെ ലോഞ്ചര്‍ ഉപയോഗിച്ച് ലാന്‍ഡറിന് ചന്ദ്രോപരിതലത്തില്‍ വിജയകരമായി ഇറങ്ങാന്‍ കഴിഞ്ഞു. ചന്ദ്രയാന്‍-3 ന്റെ വിജയത്തില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ നേതൃത്വം നിര്‍ണായക പങ്കുവഹിക്കുകയും നമ്മുടെ രാജ്യത്തിന്റെ പേര് ചന്ദ്രോപരിതലം വരെ എത്തിക്കുകയും ചെയ്തു’. ഇങ്ങനെയാണ് ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികള്‍ക്കായുള്ള പാഠപുസ്തകത്തില്‍ എന്‍.സി.ഇ.ആര്‍.ടി തയ്യാറാക്കിയിരിക്കുന്ന വാചകം.

വിക്ഷേപണത്തിന്റെ തത്സമയ സംപ്രേക്ഷണത്തില്‍ മോദി പങ്കെടുക്കുന്നതിന്റെയും ബെംഗളൂരുവിലെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുമായി മോദി ആശയവിനിമയം നടത്തുന്ന ചിത്രങ്ങളും മൊഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒക്ടോബര്‍ 17 ന് ദല്‍ഹിയില്‍ നടന്ന പരിപാടിയില്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്.പി സോമനാഥിന്റെ സാന്നിധ്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ചന്ദ്രയാന്‍ ദൗത്യത്തെക്കുറിച്ചുള്ള എന്‍.സി.ആര്‍.ടിയുടെ പ്രത്യേക മൊഡ്യൂള്‍ പുറത്തിറക്കിയത്.

എന്നാല്‍ പാഠപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഐ.എസ്.ആര്‍.ഒ യുടെ ട്രാക്ക് റെക്കോര്‍ഡിനെ അവഗണിക്കുന്നതാണെന്ന് ബഹിരാകാശ വിദഗ്ധന്‍ പറഞ്ഞതായി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

മൂന്നാമത്തെ ചാന്ദ്രദൗത്യം സാധ്യമായത് പ്രധാനമന്ത്രി കാരണമാണെന്ന പുസ്തകത്തിലെ വാദം ഐ.എസ്.ആര്‍.ഒ.യുടെ ട്രാക്ക് റെക്കോര്‍ഡുകളെ അവഗണിക്കുന്നതാണ്. 1979 ല്‍ ഐ.എസ്.ആര്‍.ഒ. വിക്ഷേപിച്ച സാറ്റലൈറ്റ് ലോഞ്ച് വാഹനം പരാജയപ്പെട്ടിരുന്നു. എന്നാല്‍ നിരന്തര പരിശ്രമത്തിലൂടെ ഐ.എസ്.ആര്‍.ഒ പദ്ധതിയില്‍ വിജയിച്ചു.

1987 ലും 1988 ലും ഇത്തരത്തില്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാല്‍ 1994-ല്‍ വിജയകരമായി ബഹിരാകാശ വിക്ഷേപണം നടത്തിയിട്ടുണ്ട്.
1993-ല്‍ ഐ.എസ്.ആര്‍.ഒ യുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വാഹനം പരാജയപ്പെട്ടിരുന്നു. പക്ഷേ അടുത്ത വര്‍ഷം വിജയകരമായി വിക്ഷേപിക്കുകയും ചെയ്തു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍.സി.ഇ.ആര്‍.ടിയുടെ ഇതേ മൊഡ്യൂളില്‍ തന്നെ ശാസ്ത്രീയ നേട്ടത്തെ മിത്തുമായി കൂട്ടിക്കലര്‍ത്തുന്നുണ്ടെന്നും ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ശാസ്ത്രീയ നേട്ടങ്ങള്‍ ഇപ്പോള്‍ മാത്രമാണോ സംഭവിക്കുന്നത് ? ഇന്ത്യന്‍ ഗ്രന്ഥങ്ങളില്‍ ഇത് പണ്ട് തൊട്ടേ ഉണ്ട്. ഏറ്റവും പഴക്കമുള്ള വേദങ്ങളില്‍ മൃഗങ്ങള്‍, സാധാരണയായി കുതിരകള്‍ വലിക്കുന്ന ചക്രങ്ങളുള്ള രഥങ്ങളില്‍ വിവിധ ദൈവങ്ങള്‍ പോകുന്നതായി പരാമര്‍ശിക്കുന്നുണ്ട്. ഈ രഥങ്ങള്‍ക്കും പറക്കാന്‍ കഴിയും’.

രാമായണത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പുഷ്പകവിമാനത്തെ കുറിച്ചും മോഡ്യൂളില്‍ സൂചിപ്പിക്കുന്നുണ്ട്.

‘ദേവന്മാരുടെ പ്രധാന വാസ്തുശില്പിയായ വിശ്വകര്‍മ്മയാണ് പുഷ്പക വിമാനം ബ്രഹ്മാവിനുവേണ്ടി സൂര്യനില്‍ നിന്നുള്ള പൊടിയില്‍ നിന്ന് സൃഷ്ടിച്ചത്. ബ്രഹ്മാവ് ഇത് കുബേരന് നല്‍കുകയും രാവണന്‍ കുബേരനില്‍ നിന്ന് ലങ്ക പിടിച്ചെടുത്തപ്പോള്‍ തന്റെ സ്വകാര്യവാഹനമായി പുഷ്പക വിമാനത്തെ ഉപയോഗിക്കുകയും ചെയ്തു’.എന്നാണ് പുസ്തകം പറയുന്നത്.

CONTENT HIGHLIGHTS; NCRT Textbook Makes Chandrayaan 3’s Victory Modi’s Victory; Criticism

We use cookies to give you the best possible experience. Learn more