ന്യൂദല്‍ഹി: രാജ്യത്ത് ജനക്കൂട്ടം മര്‍ദ്ദിച്ചുകൊലപ്പെടുത്തുന്നവരുടെ എണ്ണം രേഖപ്പെടുത്താനൊരുങ്ങി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. ഇതിനുള്ള നിര്‍ദ്ദേശം കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന് ബ്യൂറോ സമര്‍പ്പിച്ചിട്ടുണ്ട്.
ഇതിനുള്ള ശ്രമത്തിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തെഴുതുമെന്നും ബ്യൂറോ വ്യക്തമാക്കുന്നു. കണക്കുകള്‍ ലഭിക്കുന്നതിനുള്ള സാധ്യത തെളിഞ്ഞാല്‍ വിശദമായ രൂപരേഖ ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കും.
മന്ത്രാലയം ഇത് അംഗീകരിക്കുകയാണെങ്കില്‍ രാജ്യത്ത് ആകമാനം ഇത്തരത്തില്‍ നടക്കുന്ന കൊലപാതകങ്ങളുടെ കണക്ക് എല്ലാ വര്‍ഷവും ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ശേഖരിക്കും. എണ്ണം, കൊലപാതകങ്ങള്‍ക്ക് പിന്നിലെ കാരണം എന്നിവയും രേഖപ്പെടുത്തും.
വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങള്‍, മരണകാരണങ്ങള്‍ എന്നിവ കണ്ടെത്തുത്തുന്നതിനും രേഖപ്പടുത്തുന്നതിനുമുള്ള ശ്രമത്തിലാണ് നാഷല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ.
ഗോ സംരക്ഷണത്തിന്റെ പേരിലും മന്ത്രവാദത്തിന്റെ പേരിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു എന്ന അഭ്യൂഹത്തിന്റെ പേരിലും ആളുകളെ കൊലപ്പെടുത്തുന്നതിന്റെ കണക്കുകളൊന്നും ലഭ്യമല്ലെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ വ്യക്തമാക്കുന്നു.
ഇതിന് പുറമെ സെല്‍ഫി എടുക്കുമ്പോള്‍ സംഭവിക്കുന്ന അപകടമരണങ്ങള്‍ തുടങ്ങിയവ രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് ബ്യൂറോ. 36 വിഭാഗങ്ങളിലായാണ് രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങള്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ രേഖപ്പെടുത്തുന്നത്.