| Friday, 8th November 2024, 10:10 am

തടവുകാരുടെ ജാതി വിവരം ശേഖരിക്കാം; വിധിയില്‍ വ്യക്തതയുമായി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ ജയില്‍ തടവുകാരുടെ ജാതി വിവരങ്ങള്‍ ശേഖരിക്കാമെന്ന് സുപ്രീം കോടതി. ജയില്‍ രജിസ്റ്ററുകള്‍ വഴി ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയ്ക്ക് വിവരങ്ങള്‍ ശേഖരിക്കാമെന്ന് കോടതി പറഞ്ഞു.

മാധ്യമപ്രവര്‍ത്തക സുകന്യ ശാന്ത നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ വിശദീകരണം.

നേരത്തെ ജയിലുകളിലെ രജിസ്റ്ററുകളില്‍ നിന്ന് ജാതി കോളം ഒഴിവാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിയില്‍ വ്യക്തത വരുത്തിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ജാതി വിവരങ്ങള്‍ ശേഖരിക്കാമെന്ന് പറഞ്ഞത്.

ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 32 പ്രകാരമുള്ള ഹരജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ജാതി വിവേചനം ജയിലിലും നടക്കുന്നുണ്ടെന്ന് കോടതിയുടെ ശ്രദ്ധയില്‍പെടുത്താനാണ് ഇത്തരത്തിലൊരു ഹരജി നല്‍കിയതെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന് ജാതിയുടെ അടിസ്ഥാനത്തില്‍ ജോലി ചെയ്യിക്കുന്നതും വിവേചനവും ഒഴിവാക്കാന്‍ കോടതി മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. ഈ വിധിയില്‍ വ്യക്തത ആവശ്യപ്പെട്ടുകൊണ്ടാണ് മാധ്യമപ്രവര്‍ത്തക ഹരജി ഫയല്‍ ചെയ്തത്.

ജാതി അടിസ്ഥാനത്തിലുള്ള ജയില്‍ മാനുവലുകള്‍ പാടില്ലെന്നും അത്തരം വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമാണെന്നുമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.

പട്ടികജാതി, പട്ടികവര്‍ഗം, നോട്ടിഫൈഡ് ഗോത്രങ്ങള്‍ എന്നിങ്ങനെയുളള പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമുദായങ്ങള്‍ക്കെതിരായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

രാജ്യത്തെ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രത്തില്‍ നിന്നും വിശദീകരണം തേടിയതിന് പിന്നാലെയാണ് കോടതി വിധി പ്രഖ്യാപിച്ചത്.

എന്നാല്‍ കോടതിയുടെ നിര്‍ദേശങ്ങള്‍ എന്‍.സി.ആര്‍.ബിയുടെ ഡാറ്റ ശേഖരണത്തെ ബാധിക്കില്ലെന്നാണ് കോടതി ഇപ്പോള്‍ വ്യക്തമാക്കിയത്.

എന്‍.സി.ആര്‍.ബി സമാഹരിച്ച ജയില്‍ രജിസ്റ്ററിലെ ഡാറ്റ മാത്രമാണ് തടവുകാരുടെ ലഭ്യമായ വിവരങ്ങളെന്ന് മാധ്യമപ്രവര്‍ത്തക ചൂണ്ടിക്കാട്ടി. ഈ ഡാറ്റയില്ലാതെ ജയില്‍ സംവിധാനങ്ങള്‍ ചില പ്രത്യേക സമുദായങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കുമെന്നും ഹരജിക്കാരി പറഞ്ഞു.

അതേസമയം ജയിലുകളിലെ ജാതി വിവേചനത്തിനെതിരായ തന്റെ ഹരജിയില്‍, ജയില്‍ രജിസ്റ്ററിലെ ജാതികോളം തടയാന്‍ ആവശ്യപ്പെടുന്നില്ലെന്ന് ഹരജിക്കാരനും ചൂണ്ടിക്കാട്ടി.

Content Highlight: NCRB Can Collect Caste Data Of Prisoners, Supreme Court Clarifies

We use cookies to give you the best possible experience. Learn more