| Saturday, 7th May 2022, 8:28 am

മോദിക്ക് മുന്നില്‍ ദേശഭക്തി ഗാനം പാടുന്ന കുട്ടിയുടെ വീഡിയോ; പാട്ട് മാറ്റി പങ്കുവെച്ച കുനാല്‍ കമ്രയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്റ്റാന്റപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ ട്വിറ്റര്‍ അക്കൗണ്ടിനെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ ദേശഭക്തി ഗാനം ആലപിക്കുന്ന ആണ്‍കുട്ടിയുടെ വീഡിയോ ട്വീറ്റ് ചെയ്തതിന് കമ്രയ്‌ക്കെതിരെ നടപടി വേണമെന്നാണ് കമ്മീഷന്റെ ആവശ്യം.

കമ്ര സ്വന്തം രാഷ്ട്രീയ അജണ്ടകള്‍ക്കായി ദേശഭക്തി ഗാനം ആലപിക്കുന്ന വ്യാജ വീഡിയോ ട്വീറ്റ് ചെയ്തതായി പരാതി ലഭിച്ചതായി
ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ട്വിറ്ററിന്റെ പരാതിപരിഹാര ഓഫീസര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

പ്രായപൂര്‍ത്തിയാകാത്തവരെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത് ജുവനൈല്‍ ജസ്റ്റിസ് ആക്ട്, 2015 ന്റെയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ്, 2021 ന്റെയും ലംഘനമാണെന്നും  ഇത്തരം പ്രമോഷണല്‍ ആവശ്യങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കുന്നത് അവരുടെ മാനസിക ക്ഷേമത്തിന് ഹാനികരമാണെന്നും കമ്മീഷന്‍ പറയുന്നു.

വീഡിയോ ഉടന്‍ പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യണമെന്നും അത്തരം ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് കമ്രയുടെ ഔദ്യോഗിക അക്കൗണ്ടിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ പറഞ്ഞു.

മോദി ജര്‍മ്മനിയില്‍ കുട്ടിയുമായി ആശയവിനിമയം നടത്തുന്നതിന്റെ വീഡിയോ കംര പങ്കുവെച്ചിരുന്നു, എന്നാല്‍ കുട്ടി പാടിയ ‘ഹേ ജന്മഭൂമി ഭാരത്’ എന്ന ഗാനത്തിന് പകരം ”മെഹംഗായി ദായാന്‍ ഖായേ ജാത് ഹേ” എന്ന് അദ്ദേഹം മാറ്റി നല്‍കുകയായിരുന്നു.

Content Highlights: NCPCR seeks action against Kunal Kamra for posting ‘doctored’ video of boy singing for PM Modi

We use cookies to give you the best possible experience. Learn more