കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ദേശീയ ബാലാവകാശ കമ്മീഷന്‍.
സംസ്ഥാനത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടെന്നും പെണ്‍കുട്ടിയുടെ മൃതദേഹം റോഡിലൂടെ വലിച്ചിഴച്ച കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എന്‍.സി.പി.സി.ആര്‍ ചെയര്‍മാന്‍ പ്രിയങ്ക് കാനൂംഗോ പറഞ്ഞു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബംഗാളില്‍ സമാനമായ അവസ്ഥകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും കമ്മീഷന്റെ അന്വേഷണങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവ സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം എ.എന്‍.ഐക്ക് നല്‍കിയ പ്രതികരണത്തിലാണ് ചെയര്‍മാന്‍ ഇക്കാര്യം പറഞ്ഞത്.
‘ബംഗാളില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. സംസ്ഥാനത്തെ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. തെറ്റ് മറച്ച് വെക്കാനും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുമാണ് എല്ലാ കാലത്തും മമത സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്.
പൊലീസ് ഇതുവരെ ഇരയുടെ കുടംബത്തോട് സംസാരിക്കാന്‍ തയ്യാറായിട്ടില്ല. ചീഫ് സെക്രട്ടറിയും നോര്‍ത്ത് ദീന്‍ജാപൂര്‍ കലക്ടറും ശിശു സംരക്ഷണ സമിതിയുടെ നിര്‍ദേശങ്ങള്‍ക്ക് മറുപടി തരാനും തയ്യാറായിട്ടില്ല,’ ചെയര്‍മാന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ദീന്‍ജാപൂരിലെ 17 വയസ് പ്രായമുള്ള ദളിത് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കൊണ്ട് പോകാന്‍ വന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ മൃതദേഹം റോഡിലൂടെ വലിച്ചിഴച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ദേശീയ വനിത കമ്മീഷന്‍ പശ്ചിമ ബംഗാള്‍ ഡി.ജി.പിയോട് വിശദീകരണം തേടി ഉത്തരവിറക്കിയിരുന്നു.
ഇതിന് പിന്നാലെ പെണ്‍കുട്ടിക്ക് നീതി തേടി ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ വലിയ രീതിയിലുള്ള സംഘര്‍ഷമാണ് പ്രദേശത്തുണ്ടായത്. പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചതോടെ പൊലീസ് ലാത്തി വീശുകയും ചെയ്തിരുന്നു. സംഭവത്തില്‍ ആറ് പേരെ ബംഗാള്‍ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.