| Tuesday, 23rd April 2019, 8:48 pm

പ്രജ്ഞ സിങ് ഠാക്കൂറിനെ കരിങ്കൊടി കാണിച്ചു; എന്‍.സി.പി പ്രവര്‍ത്തകനെ മര്‍ദിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍- വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: 2008ലെ മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും ഭോപാല്‍ ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ പ്രജ്ഞ സിങ് ഠാക്കൂറിനെ കരിങ്കെടി കാണിച്ച എന്‍.സി.പി പ്രവര്‍ത്തകനെതിരെ ബി.ജെ.പി പ്രവര്‍ത്തകരുടെ മര്‍ദനം. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ഓഫീസില്‍ വെച്ചായിരുന്നു മര്‍ദനം.

മുദ്രാവാക്യം മുഴക്കിക്കൊണ്ട് എന്‍.സി.പി പ്രവര്‍ത്തകനെ തല്ലുന്ന ബി.ജെ.പി പ്രവര്‍ത്തകരെ വീഡിയോയില്‍ കാണാം. പൊലീസെത്തിയിട്ടാണ് എന്‍.സി.പി പ്രവര്‍ത്തകനെ രക്ഷിച്ചത്.

കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങിനെതിരെയാണ് പ്രജ്ഞ മത്സരിക്കുന്നത്. ഭോപാലില്‍ ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച പ്രജ്ഞ ഇന്ന് മണ്ഡലത്തില്‍ റോഡ് ഷോയില്‍ പങ്കെടുക്കവേയായിരുന്നു കരിങ്കൊടി പ്രതിഷേധം ഉണ്ടായത്.

ആറുപേരുടെ മരണത്തിനിടയാക്കിയ മലേഗാവ് സ്‌ഫോടനക്കേസില്‍ ഏഴു പ്രതികളിലെ മുഖ്യപ്രതിയാണ് പ്രജ്ഞ. ഏപ്രില്‍ 17ന് പ്രജ്ഞ ബി.ജെ.പി അംഗമാവുകയും പിന്നീട് പാര്‍ട്ടി ഇവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

പ്രജ്ഞ സിങ്ങ് താക്കൂറിന്റെ സ്ഥാനാര്‍ഥിത്വത്തെ ന്യായീകരിച്ച് നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ഇന്ദിരാ ഗാന്ധിയുടെ മരണത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട് സിഖ് വിരുദ്ധ കലാപവും, സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ജാമ്യത്തിലിറങ്ങിയാണ് മത്സരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മോദി പ്രജ്ഞ സിങ്ങിന്റെ സ്ഥാനാര്‍ഥിത്വത്തെ സാധൂകരിച്ചത്.

‘ജാമ്യത്തില്‍ പുറത്തിറങ്ങി നടക്കുന്ന അമേഠിയിലേയും റായ്ബറേലിയിലേയും സ്ഥാനാര്‍ഥികള്‍ ചോദ്യം ചെയ്യപ്പെടേണ്ടതില്ലെ? എന്നാല്‍ ജാമ്യത്തില്‍ പുറത്തിറങ്ങി ഭോപാലില്‍ നിന്നും മത്സരിക്കാന്‍ തീരുമാനിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നു. ഒരു സ്ത്രീ, ഒരു സ്വാധി, പീഡിപ്പിക്കപ്പെട്ടപ്പോള്‍ ആരും ഒരു വിരലു പോലും അനക്കിയില്ല’- എന്നും മോദി പറഞ്ഞിരുന്നു.

ഇന്ദിരാ ഗാന്ധിയുടെ മരണത്തിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട സിഖ് വിരുദ്ധ കലാപത്തെ പരസ്യമായി ന്യായീകരിച്ച രാജീവ് ഗാന്ധി പിന്നീട് പ്രധാനമന്ത്രിയായെന്നും, സിഖ് വിരുദ്ധ കലാപത്തില്‍ സുപ്രധാന പങ്കു വഹിച്ച കമല്‍നാഥ് ഇന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയാണെന്നും മോദി പറഞ്ഞു. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് നാനാവതി കമ്മീഷന്‍ കമല്‍നാഥിനെ ചോദ്യം ചെയ്തിരുന്നു. പിന്നീട് തെളിവുകളുടെ അഭാവത്തില്‍ കമല്‍ നാഥിനെ കേസില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.

പ്രജ്ഞ സിങ്ങ് താക്കൂറിനെ ഭോപാലില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനത്തിനെതിരെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സയ്യിദ് അസറിന്റെ പിതാവ് നിസാര്‍ അഹ്മദ് സയ്യിദ് ബിലാല്‍ എന്‍.ഐ.എ കോടതിയില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more