ന്യൂദല്‍ഹി: ഭാവിയില്‍ എന്‍.സി.പി എന്‍.ഡി.എയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് എന്‍.സി.പി വിമത നേതാവ് പ്രഫുല്‍ പട്ടേല്‍. ചൊവ്വാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന എന്‍.ഡി.എ യോഗത്തിന് ശേഷം സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഞാനും അജിത് പവാറും എന്‍.ഡി.എ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്‍.ഡി.എയുടെ പ്രധാന ഭാഗമാണ് എന്‍.സി.പി. ഭാവിയില്‍ എന്‍.സി.പി എന്‍.ഡി.എയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും,’അദ്ദേഹം പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
യോഗത്തില്‍ തങ്ങളുടെ ഭാഗത്ത് നിന്നും അജിത് പവാര്‍ നിലപാടുകള്‍ വ്യക്തമാക്കിയതായും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
‘എന്‍.ഡി.എയുടെ 25-ാം വാര്‍ഷികത്തില്‍ 38 പാര്‍ട്ടികളാണ് പങ്കെടുത്തത്. ഞങ്ങളുടെ ഭാഗത്ത് നിന്നും അജിത് പവാര്‍ നിലപാടുകള്‍ അറിയിച്ചു’ അദ്ദേഹം പറഞ്ഞു.എല്ലാവര്‍ക്കും അവരവരുടേതായ തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശമുണ്ടെന്ന് യോഗത്തിന് മുന്നോടിയായി പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കിയിരുന്നു.
നേരത്തെ അജിത് പവാറും പ്രഫുല്‍ പട്ടേലും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് പവാറിനോട് ഇരു നേതാക്കളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശരദ് പവാര്‍ ഇതിനോട് പ്രതികരിച്ചിരുന്നില്ല.
മുംബൈയിലെ വൈ.ബി ചവാന്‍ സെന്ററില്‍ എത്തിയായിരുന്നു ഇരുവരും ശരദ് പവാറിനെ കണ്ടത്. ശരദ് പവാറിന്റെ അനുഗ്രഹം തേടാന്‍ വേണ്ടിയാണ് തങ്ങള്‍ എത്തിയതെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞിരുന്നു.
‘ശരദ് പവാര്‍ ഞങ്ങളെ ക്ഷണിച്ചിട്ടില്ല. ഞങ്ങള്‍ അദ്ദേഹത്തിന്റെ അനുഗ്രഹം തേടാനായി എത്തിയതാണ്,’ എന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷം പ്രഫുല്‍ പട്ടേല്‍ പറഞ്ഞത്.
ജൂലൈ രണ്ടിന് എന്‍.സി.പിയെ പിളര്‍ത്തി അജിത് പവാര്‍ ഷിന്‍ഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. അജിത് പവാറിനൊടൊപ്പം എട്ട് എം.എല്‍.എമാരും പോയിരുന്നു.
Content Highlight: NCP will work with NDA : Praful patel