മന്ത്രിസഭയിലെ പ്രധാന വകുപ്പുകളിലും തീരുമാനം; ആഭ്യന്തരം എന്‍.സി.പിക്ക്; മറ്റ് വകുപ്പുകള്‍ ഇങ്ങനെ
India
മന്ത്രിസഭയിലെ പ്രധാന വകുപ്പുകളിലും തീരുമാനം; ആഭ്യന്തരം എന്‍.സി.പിക്ക്; മറ്റ് വകുപ്പുകള്‍ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th November 2019, 10:18 am

മുംബൈ: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം ധാരണയിലെത്തിക്കഴിഞ്ഞു. 16:14:12 ഫോര്‍മുലയാണ് മൂന്ന് പാര്‍ട്ടികളും അംഗീകരിച്ചിരിക്കുന്നത്.

ബി.ജെ.പിയുമായി 50:50 ധാരണയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ശിവസേന രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടതോടെയാണ് ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ ഭിന്നത ഉടലെടുത്തത്.

ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യവുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം ശിവസേന നടത്തിയത്. ബാന്ദ്രയില്‍ ഇന്നലെ നടന്ന യോഗത്തിലാണ് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള വഴിയൊരുങ്ങിയതെന്നാണ് അറിയുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹേബ് തൊറാട്ടും എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീലും ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം നല്‍കുന്നതിനോട് യോജിക്കുകയായിരുന്നു. എന്‍.സി.പിക്കും കോണ്‍ഗ്രസിനും ഓരോ ഉപമുഖ്യമന്ത്രിമാര്‍ വീതം ഉണ്ടാകും. സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം എന്‍.സി.പിക്കും ലഭിക്കും. നിയമനിര്‍മാണ കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം ശിവസേനയ്ക്കായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എം.എല്‍.എമാരുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയാണ് മന്ത്രിസ്ഥാനം വിഭജിക്കപ്പെടുക. എം.എല്‍.എമാരുടെ അനുപാതം കണക്കിലെടുത്താണ് മന്ത്രിസ്ഥാനം നല്‍കുക.

56 എം.എല്‍.എമാരാണ് മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് ഉള്ളത്. 16 മന്ത്രി സ്ഥാനമാണ് ഇവര്‍ക്ക് ലഭിക്കുക. എന്‍.സി.പിക്ക് 14 മന്ത്രി സ്ഥാനവും കോണ്‍ഗ്രസിന് 12 സ്ഥാനവും ലഭിക്കും. നഗരഗ്രാമവികസനവും ധനമന്ത്രിസ്ഥാനവും ശിവസേനയ്ക്കായിരിക്കും. ആഭ്യന്തരമന്ത്രി സ്ഥാനം എന്‍.സി.പിക്ക് ലഭിക്കും.

റവന്യൂമന്ത്രി പദവി കോണ്‍ഗ്രസിനായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 130 കോര്‍പ്പറേഷന്‍ പദവികളുടെ വിഭജനവും 16:14:12 എന്ന അനുപാതത്തിലായിരിക്കും. പൊതുമിനിമം പദ്ധതി സംബന്ധിച്ച് പാര്‍ട്ടികള്‍ തീരുമാനം എടുക്കുന്ന ഘട്ടത്തില്‍ മാത്രമായിരിക്കും സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുള്ളൂവെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അടിസ്ഥാനകരാറില്‍ മാത്രമാണ് തീരുമാനമായിരിക്കുന്നതെന്നും മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചകള്‍ തുടര്‍ന്നതിന് ശേഷം മാത്രമേ മറ്റ് കാര്യങ്ങളില്‍ ധാരണയാവുകയുള്ളൂവെന്നാണ് ശിവസേന വൃത്തങ്ങളില്‍ നിന്നും വരുന്ന സൂചന. അതിന് ശേഷം മാത്രമേ ഭരണഘടനാ പദവികളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വരികയുള്ളൂ.

സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പോയ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാക്കണമെന്ന് എന്‍.സി.പി-കോണ്‍ഗ്രസ് നേതാക്കന്‍മാരുമായി നടത്തിയ ചര്‍ച്ചയില്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെ ആവശ്യപ്പെടുകയായിരുന്നുവെന്നും നേരത്തെ മുഖ്യമന്ത്രി പദവി തുല്യമായി പങ്കുവെക്കാനായിരുന്നു തീരുമാനമെന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്നലെയായിരുന്നു മൂന്ന് പാര്‍ട്ടികളിലേയും പ്രധാന നേതാക്കന്‍മാരായ സുഭാഷ് ദേശായി, ഏക്‌നാഥ് ഷിന്‍ഡേ, നവാബ് മാലിക്, ചഗാന്‍ ബാജുബാല്‍, വിജയ് വഡേട്ടിവാര്‍, മാണിക്‌റാവു താക്കറേ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ച നടന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങളും തൊഴിലില്ലായ്മ പ്രശ്‌നവും യോഗത്തില്‍ ചര്‍ച്ചയായിരുന്നു.

യോഗത്തിന്റെ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയക്കുമെന്നും ഹൈക്കമാന്‍ഡ് അംഗീകരിക്കുന്ന പക്ഷം പൊതുമിനിമം പദ്ധതി ജനങ്ങള്‍ക്ക് മുന്‍പില്‍ വെക്കുവെന്നായിരുന്നു വഡേട്ടിവാര്‍ പറഞ്ഞത്.