ബി.ജെ.പി-ശിവസേന സഖ്യം സര്‍ക്കാരുണ്ടാക്കിയില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും: എന്‍.സി.പി
India
ബി.ജെ.പി-ശിവസേന സഖ്യം സര്‍ക്കാരുണ്ടാക്കിയില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും: എന്‍.സി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st November 2019, 3:06 pm

മുംബൈ: മഹാരാഷ്ട്രയില്‍ അധികാരത്തിനായുള്ള വടംവലി തുടരവേ ബി.ജെ.പിയ്ക്കും ശിവസേനയ്ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വന്നാല്‍ തങ്ങള്‍ സര്‍ക്കാരുണ്ടാക്കുമെന്ന പ്രഖ്യാപനവുമായി എന്‍.സി.പി.

ബി.ജെ.പി-ശിവസേന സഖ്യത്തിന് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്‍.സി.പി സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുമെന്നായിരുന്നു എന്‍.സി.പി നേതാവ് നവാബ് മാലിക് പറഞ്ഞത്.

മഹാരാഷ്ട്രയില്‍ സുസ്ഥിരമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയ്ക്കും ശിവസേനയ്ക്കും ജനങ്ങള്‍ അധികാരം നല്‍കികഴിഞ്ഞു. അവര്‍ ഭൂരിപക്ഷം തെളിയിച്ച് സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് തന്നെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

എന്നാല്‍ അവര്‍ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കും- എന്നായിരുന്നു നവാബ് മാലിക് പറഞ്ഞത്.

അതേസമയം നവംബര്‍ ഏഴിനകം സര്‍ക്കാര്‍ നിലവില്‍ വന്നില്ലെങ്കില്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്ന് ധനമന്ത്രിയും ബി.ജെ.പി മുതിര്‍ന്ന നേതാവുമായ സുധീര്‍ മുങ്കന്തിവാര്‍ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനമല്ലാതെ മറ്റൊരു അനുരഞ്ജനത്തിനും തയ്യാറല്ലെന്നാണ് ശിവസേനയുടെ നിലപാട്. മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് അവകാശപ്പെട്ടതാണെന്നും അതില്‍ കുറഞ്ഞ ഒരു വിട്ടുവീഴ്ചയ്ക്കും പാര്‍ട്ടി തയ്യാറല്ലെന്നും പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കിയിരുന്നു. ബി.ജെ.പിയെക്കൂടാതെ സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയ്ക്കാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയ്ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ആര്‍ക്കാണോ ഭൂരിപക്ഷമില്ലാത്തത്, അവര്‍ക്കാണ് സര്‍ക്കാരുണ്ടാക്കാന്‍ ധൈര്യമില്ലാത്തത്. മഹാരാഷ്ട്രയില്‍ എങ്ങനെ സഖ്യമുണ്ടാക്കണമെന്നതിനെക്കുറിച്ച് സഖ്യത്തിന് മുമ്പേ ചര്‍ച്ച ചെയ്തിരുന്നതാണ്’, റാവത്ത് വിശദീകരിച്ചു.

ഇരുപാര്‍ട്ടികള്‍ക്കുമായി അഞ്ച് വര്‍ഷത്തെ മുഖ്യമന്ത്രി സ്ഥാനം വീതിച്ച് നല്‍കണമെന്നായിരുന്നു ശിവസേന തെരഞ്ഞെടുപ്പിന് മുമ്പേ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാനുള്ള സേനയുടെ ആവശ്യത്തിന് വഴങ്ങില്ലെന്ന നിലപാടിലാണ് ദേവേന്ദ്ര ഫഡ്‌നാവിസ്. ഇല്ലാത്ത വാഗ്ദാനത്തിന്റെ പേരില്‍ കള്ളപ്രചാരണം നടത്തി മുഖ്യമന്ത്രിയാവാമെന്ന് ആരും കരുതേണ്ടെന്നും ഫഡ്‌നാവിസ് പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ