| Sunday, 29th December 2019, 9:44 am

കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ കുടുംബാംഗം തന്നെ സ്ഥാനാര്‍ഥി?; കേരളാ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രതിസന്ധി മറികടക്കാന്‍ യു.ഡി.എഫ് ആശയം ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാക്കുന്നു. തോമസ് ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാരെയെങ്കിലും സ്ഥാനാര്‍ഥിയാക്കണമെന്ന അഭിപ്രായത്തിലുറച്ചു തന്നെയാണ് എന്‍.സി.പി ഇപ്പോഴും നില്‍ക്കുന്നത്.

ഇതു സംബന്ധിച്ച് ആദ്യം കുടുംബത്തിന്റെ അഭിപ്രായം ആരായുമെന്നും ജില്ലയുടെ പുറത്തുനിന്നു സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്നും എന്‍.സി.പി ജില്ലാ അധ്യക്ഷനെ ഉദ്ധരിച്ച് മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള പ്രാരംഭ ചര്‍ച്ചകള്‍ എല്‍.ഡി.എഫില്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹതാപ തരംഗം സൃഷ്ടിച്ച് കുട്ടനാട് സീറ്റ് നിലനിര്‍ത്തണമെങ്കില്‍ എന്‍.സി.പിക്ക് തോമസ് ചാണ്ടിയുടെ കുടുംബത്തില്‍ ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്ന നിലപാട് തന്നെയാണു ഭൂരിപക്ഷത്തിനും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തോമസ് ചാണ്ടിയുടെ സഹോദരന്റെയോ മകളുടെയോ പേരാണു നേരത്തേ കേട്ടിരുന്നതെങ്കിലും ഇപ്പോള്‍ ഭാര്യ മേഴ്‌സിയെ സ്ഥാനാര്‍ഥിയാക്കണമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ഉയര്‍ന്നുകഴിഞ്ഞതായി മീഡിയാ വണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കുമെന്ന അഭ്യൂഹം തെറ്റാണെന്ന് സി.പി.ഐ.എം ജില്ലാ ഘടകം വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന നിലപാട് തന്നെയാണ് എന്‍.സി.പിക്കും.

എന്നാല്‍ സീറ്റ് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന യു.ഡി.എഫില്‍ സ്ഥിതി വഷളാണ്. ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണിയിലെ വിവിധ കക്ഷികള്‍ സീറ്റിനായി അവകാശവാദം മുഴക്കി രംഗത്തെത്തിയതോടെ പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനാണ് യു.ഡി.എഫിലെ മുതിര്‍ന്ന നേതാക്കള്‍ ആലോചിക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസങ്ങളില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ്-ജോസ് കെ. മാണി വിഭാഗങ്ങള്‍ സീറ്റിനു മേല്‍ അവകാശവാദം ഉന്നയിച്ചിരുന്നു. സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ജോസഫ് വിഭാഗവും ഇത്തവണ തങ്ങള്‍ക്ക് സീറ്റ് കിട്ടിയേ തീരൂവെന്ന വാശിയില്‍ ജോസ് വിഭാഗവും നില്‍ക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കുട്ടനാട്ടുകാരനായ അധ്യാപകനെ സ്ഥാനാര്‍ഥിയാക്കുമെന്ന് ജോസ് വിഭാഗം മുതിര്‍ന്ന നേതാവ് ജേക്കബ് തോമസ് അരികുപുറം പറഞ്ഞിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ജനുവരി ആറിനു യോഗം ചേരുമെന്നാണ് ജോസഫ് വിഭാഗം പറയുന്നത്.

ഇതോടെ സീറ്റ് വിഷയത്തില്‍ പരസ്യ അഭിപ്രായ പ്രകടനം പാടില്ലെന്ന അഭ്യര്‍ഥനയുമായി യു.ഡി.എഫ് ആലപ്പുഴ ജില്ലാ ചെയര്‍മാന്‍ എം. മുരളി രംഗത്തെത്തി.

അതേസമയം കോണ്‍ഗ്രസ് സീറ്റെടുക്കണമെന്ന ആവശ്യവും മുന്നണിയില്‍ ഉയരുന്നുണ്ട്. എന്നാല്‍ ഘടകകക്ഷി സീറ്റ് അടിച്ചുമാറ്റിയെന്ന ആക്ഷേപത്തിനു വഴിവെയ്ക്കുമെന്നു ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇതിനൊക്കെയുള്ള പോംവഴിയായാണ് പൊതുസമ്മതനായ സ്വതന്ത്രന്‍ എന്ന ആലോചന മുന്നണിയില്‍ വന്നത്. മണ്ഡലത്തില്‍ സ്വാധീനമുള്ള ചില നേതാക്കളെ മുന്നണിയിലെ മുതിര്‍ന്ന നേതാക്കള്‍ സമീപിച്ചതായാണു വിവരമെന്ന് മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നു.

മണ്ഡലത്തിലെ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത് പി.ടി തോമസ് എം.എല്‍.എയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

We use cookies to give you the best possible experience. Learn more