'ഒരു അച്ഛന്റെ ഉപദേശമായി കണ്ടാല്‍ മതി'; രാഹുലിനെക്കുറിച്ചുള്ള ശരദ് പവാറിന്റെ പ്രതികരണത്തില്‍ എന്‍.സി.പി
national news
'ഒരു അച്ഛന്റെ ഉപദേശമായി കണ്ടാല്‍ മതി'; രാഹുലിനെക്കുറിച്ചുള്ള ശരദ് പവാറിന്റെ പ്രതികരണത്തില്‍ എന്‍.സി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th December 2020, 7:15 pm

മുംബൈ: രാഹുലിന്റെ നേതൃത്വത്തിന് സ്ഥിരതയില്ലെന്ന എന്‍.സിപി നേതാവ് ശരദ് പവാറിന്റെ പ്രതികരണം അച്ഛന്റെ ഉപദേശം പോലെ കരുതണമെന്ന് എന്‍സിപി. പാര്‍ട്ടി വക്താവ് മഹേഷ് തപസേയാണ് പവാറിന്റെ പ്രതികരണത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

‘ശരദ് പവാര്‍ സാഹെബ് അഭിമുഖത്തില്‍ പറഞ്ഞതെല്ലാം ഒരു അച്ഛന്റെ ഉപദേശം പോലെ കാണണം. മഹാ വികാസ് അഘാഡി മൂന്ന് പാര്‍ട്ടികളും ഉള്‍ക്കൊള്ളുന്ന ഒരു പാര്‍ട്ടിയാണ്. ഒബാമയുടെ പുസ്തകത്തില്‍ രാഹുലിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ വിമര്‍ശനമുന്നയിച്ചയാളാണ് പവാര്‍. മറ്റു രാജ്യങ്ങളിലെ നേതാക്കളെക്കുറിച്ച് അറിയാതെ പ്രതികരിക്കരുതെന്ന് പറഞ്ഞയാളാണ് അദ്ദേഹം.,’ തപസേ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ശരദ് പവാറിന്റെ പ്രതികരണത്തെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളില്‍ ഇടപെടേണ്ടതില്ലെന്നാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് യശോമതി താക്കൂര്‍ എന്‍.സി.പിയോട് പറഞ്ഞത്.

‘മഹാ വികാസ് അഘാഡിയുടെ സഹപ്രവര്‍ത്തകരോട് ഞാന്‍ ഒരു കാര്യം പറയുകയാണ്. നിങ്ങള്‍ക്ക് സ്ഥിരതയുള്ള സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ വേണമെന്നുണ്ടെങ്കില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തെക്കുറിച്ച് പറയുന്നത് നിര്‍ത്തുക. എല്ലാവരും സഖ്യത്തിന്റെ മിനിമം തത്വങ്ങള്‍ പാലിക്കണം. ഞങ്ങളുടെ നേതൃത്വം സ്ഥിരതയുള്ളതും ഉറപ്പുള്ളതുമാണ്’, താക്കൂര്‍ പറഞ്ഞു.

ജനാധിപത്യമൂല്യങ്ങളില്‍ തങ്ങള്‍ക്കുള്ള വിശ്വാസമാണ് മഹാ വികാസ് അഘാഡി രൂപീകരിക്കാന്‍ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം താക്കൂറിന്റെ പ്രസ്താവനയ്ക്കെതിരെ സഖ്യകക്ഷികളായ എന്‍.സി.പിയും ശിവസേനയും രംഗത്തെത്തി.

ശരദ് പവാറിന്റെ അനുഭവസമ്പത്തും പ്രായവും മുന്‍നിര്‍ത്തി അദ്ദേഹം പറഞ്ഞത് പോസിറ്റാവായി എടുക്കുകയാണ് വേണ്ടതെന്ന് എന്‍.സി.പി വക്താവ് ഉമേഷ് പാട്ടീല്‍ പറഞ്ഞു. സര്‍ക്കാരിന്റെ നിലനില്‍പ്പ് സംബന്ധിച്ചുള്ള താക്കൂറിന്റെ പ്രസ്താവന അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശരദ് പവാര്‍ രാഹുലിന്റെ നേതൃത്വത്തെക്കുറിച്ച് എന്തുപറഞ്ഞിട്ടുണ്ടെങ്കിലും അത് മഹാ വികാസ് അഘാഡി സര്‍ക്കാരിനെ ബാധിക്കില്ലെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്തും പറഞ്ഞു. രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ പവാറിനെ അവരുടെ നേതാവായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: NCP said on Sharad Pawar’s remark should take as ‘Fatherly advice’