മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ മഹാരാഷ്ട്രയില്‍ നാടകീയ സംഭവങ്ങള്‍. മുംബൈയിലെ മന്‍ഖുര്‍ദ് ശിവാജി നഗര്‍ നിയമസഭാ സീറ്റില്‍ നിന്ന് എന്‍.സി.പി അജിത് പവാര്‍ പക്ഷം മുതിര്‍ന്ന നേതാവായ നവാബ് മാലിക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ ഭരണകക്ഷികള്‍ക്കിടയില്‍ വിള്ളലുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
ബി.ജെ.പിയുടെ അതൃപ്തിയെ തള്ളിയാണ് നവാബ് മാലിക്കിനെ എന്‍.സി.പി മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ബി.ജെ.പി നേതാവായ ആശിഷ് ഷേലാറുമാണ് മാലിക്കിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്തത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളവരുമായി സ്വത്ത് ഇടപാട് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്.
എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ അജിത് പവാറിനും എന്‍.സി.പി വര്‍ക്കിങ് പ്രസിഡന്റ് പ്രഫുല്‍ പാട്ടേലിനും മാലിക് നന്ദിയറിയിച്ചു. അവര്‍ക്ക് വിശ്വാസമുള്ളതിനാലാണ് ഇത്രയും വലിയ ഉത്തരവാദിത്തം തന്നില്‍ ഏല്‍പ്പിച്ചതെന്ന് മാലിക് പറഞ്ഞു.
മന്‍ഖുര്‍ദ് ശിവാജി നഗറില്‍ മൂന്ന് തവണ എം.എല്‍.എയായ സമാജ്‌വാദി പാര്‍ട്ടിയുടെ അബു അസിം ആസ്മിയാണ് മാലിക്കിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി. മഹാരാഷ്ട്ര സമാജ്‌വാദി പാര്‍ട്ടിയുടെ അധ്യക്ഷന്‍ കൂടിയാണ് അബു അസിം.
അതേസമയം എന്‍.സി.പിയുടെ പരമ്പരാഗതമായ മണ്ഡലമായ അനുശക്തിയില്‍ മാലിക്കിന്റെ മകള്‍ സന മാലിക്കാണ് മഹായുതിയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. അഭിനേത്രിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌ക്കറുടെ പങ്കാളിയായ ഫഹദ് അഹമ്മദാണ് സനയുടെ എതിര്‍ സ്ഥാനാര്‍ത്ഥി. ശരദ് പവാര്‍ പക്ഷം എന്‍.സി.പിയുടെ ടിക്കറ്റിലാണ് ഫഹദ് അനുശക്തിയില്‍ മത്സരിക്കുന്നത്.
2022 ഫെബ്രുവരി 23ന് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം പ്രകാരം മാലിക്കിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ സുപ്രീം കോടതി അനുവദിച്ച ജാമ്യത്തിലാണ് മാലിക്.
നവംബര്‍ 20നാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്. മഹാരാഷ്ട്രയില്‍ 9.36 കോടി വോട്ടര്‍മാരാണുള്ളത്. 20 ലക്ഷം പുതിയ വോട്ടര്‍മാരുമുണ്ട്. ഒരു ലക്ഷത്തിലേറെ പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.
Content Highlight: NCP’s Nawab Malik enters polls fray despite BJP’s opposition