| Saturday, 23rd November 2019, 9:27 pm

എന്‍.ഡി.എയ്ക്ക് വീണ്ടും തിരിച്ചടി; അജിത് പവാറിനെ നിയമസഭ കക്ഷി നേതൃസ്ഥാനത്ത് നിന്ന് എന്‍.സി.പി മാറ്റി; എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കാന്‍ കഴിയില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ അജിത് പവാറിനെ എന്‍.സി.പിയുടെ നിയമസഭകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് മാറ്റി. ജയന്ത് പാട്ടീല്‍ ആണ് പുതിയ നിയമസഭ കക്ഷി നേതാവ്.

പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെയാണ് ജയന്തിന് ചുമതലയുള്ളത്. ഇതോടെ അജിത് പവാറിന് എം.എല്‍.എമാര്‍ക്ക് വിപ്പ് കൊടുക്കാന്‍ കഴിയില്ല.

അതേസമയം എന്‍.സി.പി എം.എല്‍.എമാരുടെ നിര്‍ണ്ണായക യോഗം അവസാനിച്ചു. വൈ.ബി ചവാന്‍ സെന്ററിലാണ് യോഗം ചേര്‍ന്നത്. ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത ഏഴ് എം.എല്‍.എമാര്‍ യോഗത്തിനെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത് ചോദ്യം ചെയ്ത് മൂന്ന് കക്ഷികളും സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി കക്ഷികളാണ് സുപ്രീം കോടതിയില്‍ സംയുക്ത ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ന് തന്നെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ നിയമസഭാ സമ്മേളനം ഉടന്‍ വിളിച്ചുചേര്‍ക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

 വിമത പക്ഷത്താണെന്ന് കരുതിയിരുന്ന മുതിര്‍ന്ന നേതാവ് ധനഞ്ജയ് മുണ്ഡെ തിരികെ എത്തിയത് എന്‍.സി.പിക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നിട്ടുണ്ട്. ഇന്‍ഷാ അള്ളാ എന്നായിരുന്നു ധനഞ്ജയ് മുണ്ഡെയുടെ മടങ്ങിവരവിനോട് എന്‍.സി.പി നേതാവ് സുപ്രിയ സുലേയുടെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.സി.പിയ്ക്കകത്ത് വലിയ സ്വാധീനമുള്ള ധനഞ്ജയ് മുണ്ഡെ അജിത്ത് പവാറിനോടൊപ്പം ഉണ്ടായാല്‍ എം.എല്‍.എമാരെ കൂറുമാറ്റിക്കാന്‍ സാധ്യതതയുണ്ടെന്നാണ് വിലയിരുത്തിയിരുന്നത്.

അന്തരിച്ച ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ഡെയുടെ അനന്തരവനാണ് ധനഞ്ജയ് മുണ്ഡെ. ഗോപിനാഥ് മുണ്ഡെയുടെ മകളായ പങ്കജ മുണ്ഡെയെ പരാജയപ്പെടുത്തിയാണ് ധനഞ്ജയ് മുണ്ഡെ നിയമസഭയിലേക്ക് ജയിച്ചു കയറിയത്.

DoolNews Video

We use cookies to give you the best possible experience. Learn more