മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ അജിത് പവാറിനെ എന്‍.സി.പിയുടെ നിയമസഭകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് മാറ്റി. ജയന്ത് പാട്ടീല്‍ ആണ് പുതിയ നിയമസഭ കക്ഷി നേതാവ്.
പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെയാണ് ജയന്തിന് ചുമതലയുള്ളത്. ഇതോടെ അജിത് പവാറിന് എം.എല്‍.എമാര്‍ക്ക് വിപ്പ് കൊടുക്കാന്‍ കഴിയില്ല.
അതേസമയം എന്‍.സി.പി എം.എല്‍.എമാരുടെ നിര്‍ണ്ണായക യോഗം അവസാനിച്ചു. വൈ.ബി ചവാന്‍ സെന്ററിലാണ് യോഗം ചേര്‍ന്നത്. ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത ഏഴ് എം.എല്‍.എമാര്‍ യോഗത്തിനെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത് ചോദ്യം ചെയ്ത് മൂന്ന് കക്ഷികളും സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി കക്ഷികളാണ് സുപ്രീം കോടതിയില്‍ സംയുക്ത ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
വിമത പക്ഷത്താണെന്ന് കരുതിയിരുന്ന മുതിര്‍ന്ന നേതാവ് ധനഞ്ജയ് മുണ്ഡെ തിരികെ എത്തിയത് എന്‍.സി.പിക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നിട്ടുണ്ട്. ഇന്‍ഷാ അള്ളാ എന്നായിരുന്നു ധനഞ്ജയ് മുണ്ഡെയുടെ മടങ്ങിവരവിനോട് എന്‍.സി.പി നേതാവ് സുപ്രിയ സുലേയുടെ പ്രതികരണം.
അന്തരിച്ച ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ഡെയുടെ അനന്തരവനാണ് ധനഞ്ജയ് മുണ്ഡെ. ഗോപിനാഥ് മുണ്ഡെയുടെ മകളായ പങ്കജ മുണ്ഡെയെ പരാജയപ്പെടുത്തിയാണ് ധനഞ്ജയ് മുണ്ഡെ നിയമസഭയിലേക്ക് ജയിച്ചു കയറിയത്.