| Friday, 14th August 2020, 11:17 am

പവാര്‍ കുടുംബത്തിലെ പിണക്കങ്ങളൊഴിയുന്നു? പാര്‍ത്ഥ് പാര്‍ട്ടി നേതാക്കളുടെ അടുത്തെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ പവാര്‍ കുടുംബത്തില്‍ തര്‍ക്കങ്ങള്‍ക്ക് വിരാമമാകുന്നെന്ന് സൂചന. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ ശാസനയ്ക്ക് പിന്നാലെ പാര്‍ത്ഥ് വ്യാഴാഴ്ച രാത്രിയോടെ ശരദ് പവാറിന്റെയും മറ്റ് മുതിര്‍ന്ന നേതാക്കളുടെയും വസതികളിലെത്തി.

നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും രാം ക്ഷേത്ര ഭൂമി പൂജയെ സ്വാഗതം ചെയ്യുകയും ചെയ്ത പാര്‍ത്ഥ് പവാറിന്റെ നടപടി മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. തന്റെ സഹോദരന്റെ മകനായ അജിത്ത് പവാറിന്റെ മകനായ പാര്‍ത്ഥ് പവാറിന്റെ നടപടികളെ ശരദ് പവാര്‍ തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പവാര്‍ കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.

മുംബൈ പൊലീസില്‍ പൂര്‍ണ വിശ്വാസമാണെന്നായിരുന്നു ശരദ് പവാറിന്റെ നിലപാട്. പാര്‍ത്ഥ് പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയതോടെ തര്‍ക്കങ്ങള്‍ അവസാനിച്ചെന്നാണ് സൂചന.

എന്നാല്‍ അങ്ങനെയൊരു തര്‍ക്കവും ഇല്ലെന്ന് പ്രതികരിച്ചിരിക്കുകയാണ് എന്‍.സി.പി മഹാരാഷ്ട്ര അദ്ധ്യക്ഷന്‍ ജയന്ത് പാട്ടീല്‍. അജിത് പവാറിന് ഒരു അസന്തുഷ്ടിയുമില്ല. പവാര്‍ കുടുംബത്തില്‍ യാതൊരു പ്രശ്നവുമില്ലെന്നും ജയന്ത് പാട്ടീല്‍ പറഞ്ഞു.

ബുധനാഴ്ച രാത്രി പവാര്‍ കുടുംബാംഗങ്ങള്‍ കൂടിച്ചേര്‍ന്നിരുന്നു. സുപ്രിയ സുലേ, അജിത് പവാര്‍ എന്നിവരാണ് ചര്‍ച്ച നടത്തിയത്. ജയന്ത് പാട്ടീലും ഉണ്ടായിരുന്നു.

ശരത് പവാര്‍ എന്‍.സി.പിയുടെയും കുടുംബത്തിന്റെയും തലവനാണ്. അദ്ദേഹത്തിന് നയിക്കാനും ഉത്തരവിടാനും മാര്‍ഗനിര്‍ദേശം നല്‍കാനുമുള്ള അധികാരമുണ്ടെന്നും ജയന്ത് പാട്ടീല്‍ പറഞ്ഞു. ഓരോരുത്തര്‍ക്കും അവരവരുടെ നിലപാടുകള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ജയന്ത് പാട്ടീല്‍ പറഞ്ഞു.

അജിത് പവാര്‍ നടത്തിയ വിമത നീക്കങ്ങള്‍ക്ക് ശേഷമാണ് മഹാരാഷ്ട്രയില്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അതിന് ശേഷം അജിത് പവാറിന്റെ മകനിലൂടെ വീണ്ടും എന്‍.സി.പി വാര്‍ത്തകളില്‍ ഇടം നേടുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: NCP Politics Parth Pawar Visits Sharad Pawar

We use cookies to give you the best possible experience. Learn more