| Sunday, 28th February 2021, 6:43 pm

എന്‍.സി.പിയില്‍ ഏത് സീറ്റില്‍ മത്സരിക്കാനും യോഗ്യരായവരുണ്ട്; നാല് സീറ്റേ ഉള്ളുവെന്ന പരിമിതി മാത്രം: ടി. പി പീതാംബരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാലാ സീറ്റ് എന്‍.സി.പിക്ക് തരില്ലെന്ന് എല്‍.ഡി.എഫ് ഇതുവരെ പറഞ്ഞിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍. മാര്‍ച്ച് പത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ ഏത് ജില്ലയില്‍ സീറ്റ് ലഭിച്ചാലും മത്സരിക്കാന്‍ യോഗ്യരായ ആളുകള്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നും എന്നാല്‍ നാല് സീറ്റുകള്‍ മാത്രമേ ഉള്ളു എന്നതാണ് പരിമിതിയെന്നും ടി. പി പീതാംബരന്‍ പറഞ്ഞു.

സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് മൂന്ന് മുതല്‍ ആറ് വരെയുള്ള എല്ലാ ജില്ലാ കമ്മിറ്റികളും ചേരുമെന്നും സംസ്ഥാന ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇടതുമുന്നണിയുമായുള്ള അന്തിമ ചര്‍ച്ച നാളെയാണെന്നും അതിന് ശേഷമായിരിക്കും സീറ്റുകളും സ്ഥാനാര്‍ത്ഥികളെയും തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

സീറ്റ് ലഭിച്ചാല്‍ അതിനനുസരിച്ച് ആളുകളെ നിര്‍ത്തും. കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ കിട്ടിയ സീറ്റുകള്‍ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പലതവണ മത്സരിച്ചവര്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. യുവാക്കള്‍ക്ക് കൂടുതല്‍ സീറ്റ് വേണമെന്നും ആവശ്യമുണ്ട്.

പാലാ സീറ്റ് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് പാലാ എം.എല്‍.എ മാണി സി കാപ്പന്‍ എന്‍.സി.പി വിട്ടിരുന്നു. യു.ഡി.എഫ് പാളയത്തിലെത്തിയ കാപ്പനോട് കോണ്‍ഗ്രസില്‍ ചേരാനായിരുന്നു മുല്ലപ്പള്ളിയടക്കമുള്ള നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ തുടര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു കാപ്പന്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: NCP on election seat discussion

We use cookies to give you the best possible experience. Learn more