എന്‍.സി.പി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് പ്രഖ്യാപിച്ച് ശരദ് പവാര്‍; പകരക്കാരനാര്?
national news
എന്‍.സി.പി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് പ്രഖ്യാപിച്ച് ശരദ് പവാര്‍; പകരക്കാരനാര്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd May 2023, 1:45 pm

മുംബൈ: എന്‍.സി.പി(നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി) അധ്യക്ഷന്‍ സ്ഥാനം ഒഴിയുന്ന കാര്യം അറിയിച്ച് ശരദ് പവാര്‍. മുംബൈയിലെ യശ്വന്ത്‌റാവു ചവാന്‍ പ്രതിസ്ഥാനില്‍ നടന്ന തന്റെ ആത്മകഥാ പ്രകാശന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ സമയം മരുമകന്‍ അജിത് പവാറും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാലും പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി ഉണ്ടാകുമെന്ന് പവാര്‍ പറഞ്ഞു.

പവാറിന്റെ പിന്‍ഗാമിയായി പാര്‍ട്ടി അധ്യക്ഷന്‍ ആരെന്ന കാര്യത്തില്‍ ഇതുവരെ പ്രഖ്യാപനമുണ്ടായിട്ടില്ല. എന്‍.സി.പി പ്രവര്‍ത്തകരും നേതാക്കളും പ്രതിഷേധത്തോടെയാണ് പവാറിന്റെ തീരുമാനത്തെ സ്വീകരിച്ചതെന്നും, പവാറിന്റെ പ്രഖ്യാപനം കേട്ട് പ്രവര്‍ത്തകരില്‍ പലരും കരഞ്ഞുപോയെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ അടുത്ത 15 ദിവസത്തിനുള്ളില്‍ ‘രണ്ട് വലിയ രാഷ്ട്രീയ പൊട്ടിത്തെറികള്‍’ ഉണ്ടാകുമെന്ന് സൂചിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ശരത് പവാറിന്റെ പ്രഖ്യാപനം.

നാല് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നയാളാണ് ശരദ് പവാര്‍. മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെയും കോണ്‍ഗ്രസിനെയും തങ്ങളുടെ പാര്‍ട്ടിക്കൊപ്പം കൂട്ടാന്‍ പവാര്‍ നടത്തിയ നീക്കങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.