മഫ്തിയിലെത്തിയ പൊലീസുകാരനെ പിടികൂടി; എന്‍.സി.പി എം.എല്‍.എമാരെ ഹോട്ടലില്‍ നിന്നും മാറ്റുന്നു
national news
മഫ്തിയിലെത്തിയ പൊലീസുകാരനെ പിടികൂടി; എന്‍.സി.പി എം.എല്‍.എമാരെ ഹോട്ടലില്‍ നിന്നും മാറ്റുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th November 2019, 8:40 pm

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍.സി.പി എം.എല്‍.എമാരെ ഇപ്പോള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്നും മാറ്റുന്നു. മുംബൈയിലെ റെനൈസന്‍സ് ഹോട്ടലില്‍ താമസിപ്പിച്ചിരുന്ന എം.എല്‍.എമാരെയാണ് ഹയാത്ത് ഹോട്ടലിലേക്ക് മാറ്റുന്നത്. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയെന്നാണ് വിവരം.

ഹോട്ടലിനുള്ളില്‍ മഫ്തിയിലെത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥനെ എന്‍.സി.പി എം.എല്‍.എമാര്‍ പിടികൂടിയിരുന്നു. ഇയാള്‍ ബി.ജെ.പിയുടെ ചാരനാണെന്നാണ് എന്‍.സി.പി എം.എല്‍.എമാരുടെ ആരോപണം.

നേരത്തെ ശിവസേന നേതാക്കളായ ഉദ്ധവ് താക്കറെ, സഞ്ജയ് റാവത്ത്, ആദിത്യ താക്കറെ എന്നിവര്‍ റെനൈസന്‍സ് ഹോട്ടലിലെത്തി എന്‍.സി.പി നേതാക്കളെ കണ്ടിരുന്നു. എം.എല്‍.എമാരുടെ യോഗത്തില്‍ ശിവസേന നേതാക്കളും പങ്കെടുത്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, ബി.ജെ.പിയെ പിന്തുണക്കില്ലെന്ന് എന്‍.സി.പി നേതാവ് ശരത് പവാര്‍ വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശിവസേന-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത് ഒറ്റക്കെട്ടായാണെന്നും ശരത് പവാര്‍ പറഞ്ഞിരുന്നു.

അതേസമയം, ദേവേന്ദ്ര ഫഡ്നാവിസിന്റെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് കാണിച്ച് എന്‍.സി.പി, കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികളുടെ ഹരജി പരിഗണിക്കുന്ന കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസില്‍ വാദം പൂര്‍ത്തിയായ ശേഷമാണ് നാളത്തേക്ക് മാറ്റിയത്. നാളെ 10:30 നാണ് കേസ് പരിഗണിക്കുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഏകദേശം ഒരു മാസക്കാലത്തോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. എന്‍.സി.പി നേതാവ് അജിത്ത് പവാറിന്റെ പിന്തുണയോടെയായിരുന്നു സത്യപ്രതിജ്ഞ. അജിത്ത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു.