ബി.ജെ.പിയില്‍ ചേരുകയാണെന്ന് എന്‍.സി.പി എം.എല്‍.എ വൈഭവ് പിച്ചാഡ്
അഹമ്മദ്‌നഗര്‍: മഹാരാഷ്ട്രയില്‍ എന്‍.സി.പിയ്ക്ക് തിരിച്ചടിയായി ഒരു നേതാവ് കൂടി പാര്‍ട്ടി വിടുന്നു. അകോലെ എം.എല്‍.എയും മുന്‍ മന്ത്രിയായിരുന്ന മധുകര്‍ പിച്ചാഡിന്റെ മകനുമായ വൈഭവ് പിച്ചാഡാണ് ബി.ജെ.പിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
അഹ്മദ്‌നഗറില്‍ തന്നെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തകരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നുവെന്നും ഭൂരിപക്ഷം പേരും താന്‍ ബി.ജെ.പിയില്‍ ചേരണമെന്നാണ് അഭിപ്രായപ്പെട്ടതെന്നും വൈഭവ് പിച്ചാഡ് പറഞ്ഞു.
തന്റെ മണ്ഡലത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എല്ലാവിധ സഹായങ്ങളും ഉറപ്പു നല്‍കിയിട്ടുണ്ടെന്നും വളരെ വേഗം തന്നെ ബി.ജെ.പിയില്‍ ചേരുമെന്നും വൈഭവ് പിച്ചാഡ് പറഞ്ഞു.
രണ്ട് ദിവസം മുമ്പ് എന്‍.സി.പി മുംബൈ ഘടകം തലവന്‍ സച്ചിന്‍ അഹിര്‍ ശിവസേനയില്‍ ചേര്‍ന്നിരുന്നു. തൊട്ടടുത്ത ദിവസം എന്‍.സി.പി വനിതാ വിങ് നേതാവ് ചിത്രാ വാഗും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.