സത്യപ്രതിജ്ഞാച്ചടങ്ങിന് എന്‍.സി.പി എം.എല്‍.എമാര്‍ എങ്ങനെയെത്തി? അജിത് പവാറിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി എം.എല്‍.എ
Maharashtra
സത്യപ്രതിജ്ഞാച്ചടങ്ങിന് എന്‍.സി.പി എം.എല്‍.എമാര്‍ എങ്ങനെയെത്തി? അജിത് പവാറിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd November 2019, 1:10 pm

മുംബൈ: ബി.ജെ.പി-അജിത് പവാര്‍ സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി എന്‍.സി.പി എം.എല്‍.എ. അജിത് രാവിലെ തന്നെ വിളിച്ചിരുന്നെന്നും അതുപ്രകാരമാണ് താന്‍ മറ്റുള്ള എം.എല്‍.എമാരെ രാജ്ഭവനിലെത്തിച്ചതെന്നും വ്യക്തമാക്കി എം.എല്‍.എ രാജേന്ദ്ര ഷിംഗാനെയാണു രംഗത്തെത്തിയിരിക്കുന്നത്.

‘എന്നോട് എന്തോ ചര്‍ച്ച ചെയ്യാനുണ്ടെന്നു പറഞ്ഞാണ് അജിത് വിളിക്കുന്നത്. തുടര്‍ന്നു ഞാന്‍ എം.എല്‍.എമാരെയും കൂട്ടി രാജ്ഭവനിലെത്തി. എനിക്കെന്തെങ്കിലും മനസ്സിലാകുന്നതിനു മുന്‍പ് സത്യപ്രതിജ്ഞാച്ചടങ്ങ് അവസാനിച്ചിരുന്നു.

അതിനു ശേഷമാണു ഞാന്‍ പവാര്‍ സാഹിബിന്റെ അടുത്തേക്കു പോകുന്നത്. അദ്ദേഹത്തോടും എന്‍.സി.പിയോടും ഒപ്പമാണ് ഞാനെന്ന് അദ്ദേഹത്തോടു തന്നെ ഞാന്‍ പറഞ്ഞു.’- ഷിംഗാനെ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇക്കാര്യം തന്നെ ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും പങ്കെടുത്ത സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇരുവരും വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ രൂപീകരിക്കാനായി എന്‍.സി.പി-ശിവസേന-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഒരുമിച്ചിരുന്നെന്ന് പവാര്‍ വ്യക്തമാക്കിയിരുന്നു.

മൂന്ന് പാര്‍ട്ടികളും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സന്നദ്ധരായി മുന്നോട്ടു വന്നിരുന്നെന്നും സേന-എന്‍.സി.പി കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടായിരുന്നെന്നും പവാര്‍ പറഞ്ഞു.

170 എം.എല്‍.എമാരുടെ പിന്തുണ ഇപ്പോഴും ഞങ്ങള്‍ക്ക് ഉണ്ട്. പത്തോ പതിനൊന്നോ എന്‍.സി.പി എം.എല്‍.എമാര്‍ മാത്രമേ അജിത് പവാറിനൊപ്പം പോവുകയുള്ളൂ.

എല്ലാതവണയും പോലെ കുതിരക്കച്ചവടം നടത്തിയാണ് ബി.ജെ.പി ഇത്തവണയും അധികാരത്തിലെത്തിയത്. രാഷ്ട്രപതി ഭരണം പിന്‍വലിച്ചത് രാവിലെ ആറരയ്ക്ക് മാത്രമാണ്.

യഥാര്‍ത്ഥ എന്‍.സി.പി പ്രവര്‍ത്തകര്‍ ഒരിക്കലും ബി.ജെ.പിക്കൊപ്പം പോവില്ല. അജിത് പവാര്‍ മാത്രമാണ് ബി.ജെ.പിക്കൊപ്പം കൈകോര്‍ത്തത്. ഞങ്ങള്‍ക്ക് ശിവസേനയ്ക്ക് കീഴിലുള്ള സര്‍ക്കാരാണ് വേണ്ടത്. ഞങ്ങള്‍ അതുമായി തന്നെ മുന്നോട്ട് പോകും.

ഇത് അജിത് പവാറിന്റെ തീരുമാനമാണ്. അജിത് പവാറിന്റേത് പാര്‍ട്ടി വിരുദ്ധ തീരുമാനമാണ്. അദ്ദേഹം പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്നും ശരദ് പവാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.