| Sunday, 24th November 2019, 10:59 am

ഇന്നലെ എന്‍.സി.പി യോഗത്തിനെത്താതിരുന്ന എം.എല്‍.എയെയും പാളയത്തിലെത്തിച്ച് ശരത് പവാര്‍; അജിത്ത് പവാറിന്റെ കൂടെ ഇനി ആര്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്നലെ വൈകീട്ട് നടന്ന എന്‍.സി.പി എം.എല്‍.എമാരുടെ യോഗത്തില്‍ 54ല്‍ 50 എം.എല്‍.എമാരെയും പങ്കെടുപ്പിച്ച് എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍ ശക്തി തെളിയിച്ചിരുന്നു. അതോടെ അജിത്ത് പവാറും മൂന്ന് എം.എല്‍.എമാരും എന്നതായിരുന്നു അപ്പുറത്തെ പക്ഷത്തിന്റെ ശക്തി.

ഇന്ന് രാവിലെ ഇന്നലത്തെ യോഗത്തില്‍ പങ്കെടുക്കാതിരുന്ന ഒരു എം.എല്‍.എയെ കൂടി എന്‍.സി.പി പക്ഷത്തെത്തിക്കാന്‍ ശരത് പവാറിന് കഴിഞ്ഞു.യോഗത്തില്‍ പങ്കെടുക്കാതിരുന്ന ബാബന്‍ ഷിന്‍ഡെ എം.എല്‍.എയെയാണ് ഇന്ന് ശരത് പവാറിനെ വീട്ടിലെത്തി കണ്ട് പിന്തുണ അറിയിച്ചത്. ഇതോടെ അജിത്ത് പവാര്‍ പക്ഷത്ത് അധികം എം.എല്‍.എമാരില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. എന്നാല്‍ 35 എം.എല്‍.എമാരുമായി ചര്‍ച്ച നടത്തുകയാണെന്നാണ് അജിത്ത് പവാര്‍ പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അജിത്ത് പവാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ എന്‍.സി.പി സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാല്‍ ഉച്ചക്ക് ശേഷം എന്‍.സി.പി ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഭാഗമായി 54ല്‍ 50 എം.എല്‍.എമാരെയും യോഗത്തിനെത്തിക്കാന്‍ എന്‍.സി.പിക്ക് കഴിഞ്ഞിരുന്നു. അജിത്ത് പവാറിന്റെ അടുത്ത അനുയായി ധനഞ്ജയ് മുണ്ഡെയെയും യോഗത്തിനെത്തിക്കാന്‍ കഴിഞ്ഞത് പവാറിന്റെ വിജയമായാണ് വിലയിരുത്തുന്നത്.

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമെന്ന ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ഹരജിയില്‍ ഇന്നു രാവിലെ വാദം കേള്‍ക്കും. ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍ ഹാജരാകുന്ന അഭിഭാഷകരുടെ കാര്യത്തില്‍ അന്തിമ തീരുമാനമായി. മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയാണ് ബി.ജെ.പിയുടെ മഹാരാഷ്ട്ര ഘടകത്തിനു വേണ്ടി ഹാജരാകുന്നത്.

അതേസമയം ശിവസേനയ്ക്കു വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഹാജരാകും. കോണ്‍ഗ്രസ് നേതാവ് കൂടിയായ അഭിഷേക് മനു സിങ്വിയാണ് എന്‍.സി.പിക്കു വേണ്ടി ഹാജരാകുന്നത്. കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരാകുന്നത് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ്.

എന്നാല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും തങ്ങള്‍ക്ക് അഭിഭാഷകര്‍ വേണോ എന്ന കാര്യത്തില്‍ ഇതേവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഹരജിയില്‍ സുപ്രീം കോടതി ഇന്ന് രാവിലെ 11:30 ന് വാദം കേള്‍ക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more