കൊച്ചി: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കായി കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് പ്രചാരണത്തിനിറങ്ങുമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. തൃക്കാക്കരയില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കെ.വി. തോമസിന്റെ പിന്തുണ ആര്‍ക്കെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നിലനില്‍ക്കുന്നതിനിടെയാണ് സുപ്രധാന പ്രഖ്യാപനം. ഫെയ്‌സ്ബുക്കിലൂടെയാണ് പി.സി. ചാക്കോ ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു രാഷ്ട്രീയ മത്സരത്തിന് കോണ്‍ഗ്രസ് തയ്യാറാവാത്ത സാഹചര്യമാണ് നിലവില്‍ തൃക്കാക്കരയിലുള്ളത്. തോമസ് മാഷ് രംഗത്തിറങ്ങുന്നതോടെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മേല്‍കൈ ലഭിക്കുമെന്നണ് പ്രതീക്ഷയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഉപതെരഞ്ഞെടുപ്പില്‍ ഉമ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കെ.വി തോമസ് വിമര്‍ശനം ഉയര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ വ്യക്തിബന്ധമല്ല, വികസനമാണ് ചര്‍ച്ചയാകേണ്ടതെന്നായിരുന്നു കെ.വി തോമസിന്റെ നിലപാട്.
എവിടെയാണ് വികസനം പറയാന്‍ കഴിയുന്നത് അവിടെ പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എറണാകുളം ജില്ലയിലെ നേതാക്കളോട് ശരിയായി കൂടിയാലോചന നടത്താതെയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.
ഏറെക്കാലമായി കോണ്‍ഗ്രസിനൊപ്പം നിലകൊള്ളുന്ന മണ്ഡലമാണ് തൃക്കാക്കര. പി.ടി തോമസിന്റെ നിര്യാണത്തിന്റെ പശ്ചാത്തലത്തിലാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. ഇതോടെ ഭാര്യ ഉമാ തോമസിനെ തന്നെ കളത്തിലിറക്കി സീറ്റ് നിലനിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം.
ഉമാ തോമസിനെ സ്ഥാനാര്‍ഥിയാക്കുന്നതോടെ സഹതാപ തരംഗം കൂടി സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
ഉമാ തോമസിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ തന്നെ പടലപ്പിണക്കങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെ മറികടക്കാനുള്ള ശ്രമങ്ങങ്ങളും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലാണ്.
അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആരെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. എല്‍.ഡി.എഫ് കണ്‍വീനറായ ഇ.പി. ജയരാജനാണ് തെരഞ്ഞെടുപ്പിന്റെ ഏകോപന ചുമതല. വികസനം ലക്ഷ്യമാക്കിയാകും എല്‍.ഡി.എഫിന്റെ പ്രചാരണം.
കെ റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വോട്ടാക്കി മാറ്റാനാണ് എല്‍.ഡി.എഫിന്റെ തീരുമാനം. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്്. ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വിജയിച്ചാല്‍ സര്‍ക്കാരിന്റെ അംഗബലം നൂറാകുമെന്നതും പാര്‍ട്ടിയെ സംബന്ധിച്ച് സുപ്രധാനമാണ്.
മെയ് 31നാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിനായിരിക്കും വോട്ടെണ്ണല്‍. മെയ് 11വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. മെയ് 16 ആണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.