മുംബൈ: മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്കിനെതിരെ 1000 കോടി രൂപയുടെ മാനനഷ്ടക്കേസ്. മുംബൈ ജില്ല സെന്‍ട്രല്‍ കോ ഓപ്പറേറ്റീവ് ബാങ്കാണ് നവാബ് മാലിക്കിനെതിരെ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.
ഹരജിയില്‍ ബോംബെ ഹൈക്കോടതി നവാബ് മാലിക്കിനോട് വിശദീകരണം തേടി. ആറാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
ജൂലൈ ഒന്നിനും നാലിനുമിടയില്‍ നിരവധി തവണ ബാങ്കിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മന്ത്രി പ്രസ്താവന നടത്തിയെന്നും ചിലയിടങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചെന്നുമാണ് പരാതി.
അടിസ്ഥാനരഹിതവും ഞെട്ടിപ്പിക്കുന്നതുമായ ആരോപണത്തെ തുടര്‍ന്ന് ബാങ്കിന്റെ സല്‍പേരിന് കോട്ടം തട്ടിയെന്നും അര്‍ഹമായ നഷ്ടപരിഹാരം വേണമെന്നുമാണ് പരാതിയില്‍ പറയുന്നത്.
കൂടാതെ, വിഷയത്തില്‍ മാലിക്കിനും മറ്റുള്ളവര്‍ക്കും നോട്ടീസ് അയച്ചിരുന്നെന്നും ബാങ്ക് അറിയിച്ചു.
‘ബാങ്കിന്റെ യശസും കെട്ടുറപ്പും ഹനിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്തത് എന്നാണ് പ്രഥമദൃഷ്ട്യാ കാണുന്നത്. ഈ ഹോര്‍ഡിംഗുകള്‍ വഴി ബാങ്കിന്റെ പ്രതിച്ഛായ പൊതുസമൂഹത്തിന് മുന്നില്‍ കളങ്കപ്പെടുത്താനും അതുവഴി ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെയും ബിസിനസിനെയും ദോഷകരമായി ബാധിക്കാനും ശ്രമിച്ചു,’ ബാങ്കിന്റെ അഭിഭാഷകന്‍ പറയുന്നു.
തങ്ങളുടെ പ്രതിച്ഛായയെ മോശമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് മാലിക്കും മറ്റുള്ളവരും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് ബാങ്ക് പറയുന്നു.
എന്നാല്‍ പരാതിയില്‍ പറയുന്ന ഒരിടത്തും തന്റേയോ പാര്‍ട്ടിയുടെ അറിവോടെയോ ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: NCP leader Nawab Malik now has Rs 1000 crore defamation suit to reply to in 6 weeks