തിരുവനന്തപുരം: എന്‍.സി.പി കേരള ഘടകം പിളര്‍പ്പിലേക്ക്. എന്‍.സി.പി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് പി.സി. ചാക്കോയ്ക്ക് ഒപ്പം നിന്ന ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും യു.ഡി.എഫിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലായിരിക്കും ഇവര്‍ ചേരുക. ജൂണ്‍ 20ന് മുമ്പ് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍ ദേശീയ പ്രവര്‍ത്തക സമിതി അംഗമായ നേതാവിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടിമാറ്റം. ആലപ്പുഴയിലെ ഏതാനും നേതാക്കള്‍ ഒഴികെ മുഴുവന്‍ ജില്ലാ കമ്മിറ്റി അംഗങ്ങളും ജോസഫ് ഗ്രൂപ്പില്‍ ചേരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കുട്ടനാട് സീറ്റ് എന്‍.സി.പിയില്‍ നിന്ന് ജോസഫ് ഗ്രൂപ്പില്‍ ചേരുന്ന പ്രമുഖ നേതാവിന് നല്‍കാന്‍ ലയനചര്‍ച്ചയില്‍ തീരുമാനമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവാസി വ്യവസായിയായ നേതാവ് കുട്ടനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം തോമസ് കെ. തോമസ് എം.എല്‍.എ ഔദ്യോഗിക എന്‍.സി.പി പക്ഷത്ത് തന്നെയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
അതേസമയം എന്‍.സി.പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റെജി ചെറിയാനും അദ്ദേഹത്തെ പിന്തുണക്കുന്നവരുമാണ് യു.ഡി.എഫിലേക്ക് പോകുന്നതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് യു.ഡി.എഫ് ഘടകക്ഷികളുമായി ചര്‍ച്ച തുടരുകയാണെന്നും പ്രഖ്യാപനം 20ന് ഉണ്ടാകുമെന്നുമാണ് ഹിന്ദുവിന്റെ റിപ്പോര്‍ട്ട്.