മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്നിട്ടില്ലെന്ന് അധ്യക്ഷന്‍ ശരദ് പവാര്‍. എന്‍.സി.പി വിട്ട് ഭരണകക്ഷിയായ എന്‍.ഡി.എയിലെത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത് പവാര്‍ ഇപ്പോഴും തങ്ങളുടെ നേതാവാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ചില എന്‍.സി.പി നേതാക്കള്‍ പാര്‍ട്ടി വിട്ട് മറ്റ് നിലപാട് സ്വീകരിച്ചെങ്കിലും പിളര്‍പ്പുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ട് പോകുന്നത് പോലെയല്ല ഇത്. ചില ആളുകള്‍ വ്യത്യസ്ത നിലപാടുകളെടുക്കും. ജനാധിപത്യം അത് അനുവദിക്കുന്നുമുണ്ട്. ഇത് പാര്‍ട്ടിയുടെ പിളര്‍പ്പല്ല,’ ശരദ് പറഞ്ഞു.
എന്‍.സി.പിയില്‍ പിളര്‍പ്പില്ലെന്ന് എന്‍.സി.പി വര്‍ക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ പറഞ്ഞതിന് പിന്നാലെയാണ് ശരദ് പവാറിന്റെ പരാമര്‍ശം.
‘ഞങ്ങളുടെ പ്രസിഡന്റ് ശരദ് പവാറും സംസ്ഥാന പ്രസിഡന്റ് ജയന്ത് പട്ടീലുമാണ്. ഇപ്പോഴുള്ള നമ്മുടെ പാര്‍ട്ടിയുടെ നിലപാട് ഇതാണ്. ബി.ജെ.പിയുടെ ഒരു ഘടകവുമായും നമുക്ക് സഖ്യമില്ല. നമ്മുടെ ചിലയാളുകള്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നു. പ്രക്രിയ അനുസരിച്ച് ഞങ്ങള്‍ അതേക്കുറിച്ചുള്ള കാഴ്ചപ്പാടും ഇന്‍പുട്ടുകളും സ്പീക്കറുമായും പങ്കിട്ടു.
ഇപ്പോള്‍ അജിത് പവാര്‍ പാര്‍ട്ടിക്ക് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. ഇതേക്കുറിച്ച് നിയമസഭാ സ്പീക്കര്‍ക്ക് ഞങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ അവരുടെ പ്രതികരണത്തിന് കാത്തിരിക്കുകയാണ്,’ എന്നാണ് സുലെ പറഞ്ഞത്.
ഇ.ഡി.യെ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചത് മുതല്‍ പലരും പാര്‍ട്ടി വിട്ടുപോകുകയാണെന്ന് അജിത് പവാറിനെ പേരെടുത്ത് പറയാതെ ശരദ് പവാര്‍ ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു.
എന്നാല്‍ ശരദ് പവാറിനെ സ്വാഗതം ചെയ്യുന്ന, രാഷ്ട്രീയമായി വേര്‍പിരിഞ്ഞ തന്റെ മരുമകനെ അനുഗ്രഹിക്കണമെന്നുമുള്ള ബാനറുകള്‍ ഈ മാസം ആദ്യം മഹാരാഷ്ട്രയിലെ ബീഡില്‍ അജിത് പവാര്‍ പക്ഷം സ്ഥാപിച്ചിരുന്നു. പാര്‍ളിയില്‍ ശരദ് പവാറിന്റെ റാലിക്ക് മണിക്കൂറുകള്‍ക്ക് മുമ്പാണ് രണ്ട് പവാറുകളുടെയും ചിത്രം ഉള്‍പ്പെട്ട ബാനര്‍ പ്രത്യക്ഷപ്പെട്ടത്.
ശരദ്പവാര്‍ പക്ഷവും, കോണ്‍ഗ്രസും ശിവസേനയും ഉള്‍പ്പെടുന്ന മഹാവികാസ് അഘാഡിയിലെ മറ്റ് കക്ഷികളും തമ്മില്‍ ഇതേച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. ഓഗസ്റ്റ് 12ന് പൂനെയിലെ അതുല്‍ ചോര്‍ദിയയുടെ വസതിയില്‍ രണ്ട് പവാറുകളും തമ്മില്‍ രഹസ്യ കൂടിക്കാഴ്ചയും നടത്തിയിരുന്നു.
അജിത് പവാറും മറ്റ് എട്ട് എന്‍.സി.പി എം.എല്‍.എമാരും ജൂലൈ രണ്ടിനാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃനിരയിലുള്ള ശിവസേന-ബി.ജെ.പി സര്‍ക്കാരില്‍ ചേര്‍ന്നത്.
content highlights: NCP is not split; Ajit Pawar Still Party Leader: Sharad Pawar