മുംബൈ: എന്‍.സി.പി പിളര്‍ത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത്ത് പവാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി എന്‍.സി.പി. നിയമ സഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ മുന്‍പാകെയാണ് പരാതി നല്‍കിയിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ശരദ് പവാറിനൊടൊപ്പമാണെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെയും പാര്‍ട്ടി സമീപിച്ചിട്ടുണ്ട്.
‘ഏക്‌നാഥ് ഷിന്‍ഡേ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനും മറ്റ് എട്ട് മന്ത്രിമാര്‍ക്കുമെതിരെ പാര്‍ട്ടി അയോഗ്യത പരാതി നല്‍കിയിട്ടുണ്ട്,’ മഹാരാഷ്ട്ര എന്‍.സി.പി അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ പറഞ്ഞു. ഒന്‍പത് എം.എല്‍.എമാര്‍ ചേര്‍ന്നാല്‍ പാര്‍ട്ടി ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഒന്‍പത് എം.എല്‍.എമാരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നതെന്നാണ് എന്‍.സി.പി വൃത്തങ്ങള്‍ അറിയിക്കുന്നത്. നിയമസഭാ സ്പീക്കര്‍ പരാതിയില്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയന്ത് പാട്ടീല്‍ പറഞ്ഞു.
‘പാര്‍ട്ടി അച്ചടക്ക സമിതിയില്‍ അജിത് പവാറിനെതിരെ പരാതി ലഭിച്ചു. തുടര്‍ന്ന് ഇമെയില്‍ വഴി അജിത് പവാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്. ഉടന്‍ തന്നെ നിയമസഭാ സ്പീക്കറെ നേരിട്ട് കണ്ട് പരാതി നല്‍കും. എത്രയും പെട്ടെന്ന് വിഷയത്തില്‍ നടപടിയെടുക്കാന്‍ സ്പീക്കറോട് ആവശ്യപ്പെടും,’ അദ്ദേഹം പറഞ്ഞു.
ശരദ് പവാറിനൊപ്പമാണ് പാര്‍ട്ടി പ്രവര്‍ത്തകരെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെയും ഞങ്ങള്‍ സമീപിച്ചിട്ടുണ്ടെന്നും ഞങ്ങളെല്ലാവരും ശരത് പവാറിനൊടൊപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒന്‍പത് എം.എല്‍.എമാര്‍ ചേര്‍ന്നാല്‍ പാര്‍ട്ടിയാകില്ല. എന്‍.സി.പി അധ്യക്ഷന്റെ അനുമതിയില്ലാതെയാണ് അവര്‍ സത്യപ്രതിജ്ഞ ചെയ്തത്. പാര്‍ട്ടിയില്‍ നിന്നും അവര്‍ ഇപ്പോള്‍ തന്നെ സാങ്കേതികമായി അയോഗ്യരാണ്. ഞങ്ങളുടെ പരാതിയില്‍ നിയമസഭാ സപീക്കര്‍ എത്രയും പെട്ടെന്ന് നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ ജയന്ത് പറഞ്ഞു.
പാര്‍ട്ടിയെ പുനര്‍ നിര്‍മിക്കാനായി തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നായിരുന്നു സുപ്രിയ സുലെ പറഞ്ഞത്. വിമതര്‍ പാര്‍ട്ടിയിലേക്ക് തന്നെ മടങ്ങിയെത്തിയാല്‍ സന്തോഷമാണെന്നും അവര്‍ പറഞ്ഞിരുന്നു.
ഇന്നലെ രാജ്ഭവനിലെത്തി അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. അജിത് പവാറിനൊപ്പം എന്‍.സി.പിയുടെ ഒമ്പത് എം.എല്‍.എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
ഏറെ നാളായി എന്‍.സി.പിയില്‍ തുടരുന്ന അധികാര തര്‍ക്കമാണ് പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ചത്. ശരദ് പവാര്‍ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. ഈ സമയത്ത് മരുമകന്‍ അജിത് പവാര്‍പാര്‍ട്ടിയില്‍ നേതൃനിരയിലേക്ക് എത്തുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ മകള്‍ സുപ്രിയയെ പാര്‍ട്ടി നേതൃനിരയിലേക്ക് കൊണ്ടുവരുന്ന നീക്കങ്ങളാണ് പവാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
ദല്‍ഹിയില്‍ ശരദ് പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രഫുല്‍ പട്ടേലിനെയും സുപ്രിയ സുലെയെയും എന്‍.സി.പി വര്‍ക്കിങ് പ്രസിഡന്റുമാരാക്കി കഴിഞ്ഞ ദിവസം ശരദ് പവാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ അജിത് പവാറിന് അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതിനെല്ലാം ഇടയിലാണ് അജിത് പവാറിന്റെ അപ്രതീക്ഷിത നീക്കം. തന്റെ വിശ്വസ്തന്‍ പ്രഫുല്‍ പട്ടേലും അജിതിനൊപ്പം പോയത് ശരദ് പവാറിന് തിരിച്ചടിയായിട്ടുണ്ട്.
Content Highlight: NCP filed disqualification petition against Ajith pawar