പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി; പ്രഫുല്‍ പട്ടേലിനെയും സുനില്‍ തത്കരെയെയും പുറത്താക്കി എന്‍.സി.പി
national news
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി; പ്രഫുല്‍ പട്ടേലിനെയും സുനില്‍ തത്കരെയെയും പുറത്താക്കി എന്‍.സി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd July 2023, 5:44 pm

മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളായ സുനില്‍ തത്കരെ എം.പിയെയും, പ്രഫുല്‍ പട്ടേല്‍ എം.പിയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എന്‍.സി.പി. ദേശീയ അധ്യക്ഷനായ ശരദ് പവാറാണ് ട്വിറ്ററിലൂടെ ഇരുവരെയും പുറത്താക്കിയ കാര്യം അറിയിച്ചത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഇരുവരെയും പുറത്താക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

‘ദേശീയ അധ്യക്ഷന്‍ എന്ന നിലയില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സുനില്‍ തത്കരെയെയും പ്രഫുല്‍ പട്ടേലിനെയും അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നു,’ അദ്ദേഹം പറഞ്ഞു.

ഇരുവരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ക്കിങ് അധ്യക്ഷ സുപ്രിയ സുലേ ശരദ് പവാറിന് കത്തയച്ചിരുന്നു.

‘2023 ജൂലൈ 2ന് പ്രഫുല്‍ പട്ടേലും ,സുനില്‍ തത്കരയും പാര്‍ട്ടി ഭരണഘടനയ്ക്കും ചട്ടങ്ങള്‍ക്കും വിപരീതമായി പ്രവര്‍ത്തിച്ചു. അതുകൊണ്ട് തന്നെ ഇവരെ അയോഗ്യരാക്കുന്നതിന് ശരദ് പവാര്‍ സാഹേബ് ഉടനടി നടപടി സ്വീകരിക്കണം,’ സുപ്രിയ സുലേ ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയില്‍ വര്‍ഗീയ വിഭജനം സൃഷ്ടിക്കുന്നവര്‍ക്കെതിരെ പോരാടേണ്ടതുണ്ടെന്നും രാവിലെ കറാടില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും അനുയായികളെയും അഭിസംബോധന ചെയ്ത് ശരദ് പവാര്‍ പറഞ്ഞിരുന്നു.

മറ്റ് പാര്‍ട്ടികളെ തകര്‍ക്കാനുള്ള ബി.ജെ.പി തന്ത്രത്തില്‍ നമ്മുടെ ചില പ്രവര്‍ത്തകര്‍ പെട്ടുപോയെന്നും അദ്ദേഹം പറഞ്ഞു.

‘ചില ഗ്രൂപ്പുകള്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ രാജ്യത്തും മഹാരാഷ്ട്രയിലും സമൂഹത്തിലും പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു. എന്റെ പോരാട്ടം വര്‍ഗീയ ശക്തികള്‍ക്കെതിരെയാണ്. ഞാന്‍ പാര്‍ട്ടിയെ പുനര്‍നിര്‍മിക്കും,’ അദ്ദേഹം പറഞ്ഞു. വിമതര്‍ക്ക് തിരിച്ചുവരാമെന്നും എന്നാല്‍ അതിന് സമയപരിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്‍.സി.പിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവര്‍ എത്തി ചേരേണ്ട ഇടം എവിടെയാണെന്ന് ഞങ്ങള്‍ കാണിച്ച് കൊടുക്കുമെന്നും പവാര്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് നടപടി.

CONTENT HIGHLIGHTS: ncp expell sunil tatkare and praful patel