വിവാദ ഫോണ്‍ സംഭാഷണം പുറത്ത് വിട്ട മംഗളത്തിനെതിരെ എന്‍.സി.പിയുടെ പരാതി
Kerala
വിവാദ ഫോണ്‍ സംഭാഷണം പുറത്ത് വിട്ട മംഗളത്തിനെതിരെ എന്‍.സി.പിയുടെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th March 2017, 6:41 pm

 

തിരുവനന്തപുരം: മുന്‍ മന്ത്രിയും എന്‍.സി.പി നേതാവുമായ എ.കെ.ശശീന്ദ്രന്റേതെന്ന പേരില്‍ ഫോണ്‍ സംഭാഷണം പുറത്ത് വിട്ട മംഗളം ചാനലിനെതിരെ എന്‍.സി.പി യുവജന വിഭാഗം പരാതി നല്‍കി. യുവജന വിഭാഗം പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാനാണ് സൈബര്‍ സെല്ലിന് പരാതി നല്‍കിയിരിക്കുന്നത്.


Also read കൊക്കകോള കാനുകളില്‍ മനുഷ്യ വിസര്‍ജ്ജ്യം; അയര്‍ലന്‍ഡില്‍ കോള ഫാക്ടറി അടച്ചിട്ടു 


രാവിലെ 11.20നു മനത്രിയുടേതെന്ന പേരില്‍ അശ്ലീല സംഭാഷണങ്ങള്‍ പുറത്ത് വിട്ടെന്നും പിന്നീട് വൈകീട്ട് 5.45ന് ഇതേ സംഭാഷണം ഫേസ്ബുക്കിലൂടെ ചാനല്‍ പ്രചരിപ്പിക്കുകയും ചെയ്‌തെന്നു കാട്ടിയാണ് മുജീബ് പരാതി നല്‍കിയിരിക്കുന്നത്. വാര്‍ത്തയുടെ ഉള്ളടക്കം അശ്ലീലമാണെന്നറിഞ്ഞിട്ടം സോഷ്യല്‍മീഡിയയില്‍ മനപൂര്‍വം പ്രചരിപ്പിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.

മംഗളം ചാനല്‍ ചെയര്‍മാന്‍ സാജന്‍ വര്‍ഗീസ്, സി.ഇ.ഒ ആര്‍ അജിത് കുമാര്‍ എന്നിവരെയും മാധ്യമപ്രവര്‍ത്തകരായ എം.പി സന്തോഷ്, ഋഷി കെ മനോജ്, എസ്.വി പ്രദീപ്, ഫിറോസ് സാലി മുഹമ്മദ്, കെ. ജയചന്ദ്രന്‍ വാര്‍ത്താ അവതാരികയായ ലക്ഷ്മി മോഹന്‍ എന്നിവരെ പ്രതിചേര്‍ക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.

ലൈംഗിക ചുവയുള്ള സംഭാഷണം സംപ്രേക്ഷണം ചെയ്തത് സൈബര്‍ പോണോഗ്രാഫിയുടെ പരിധിയില്‍ പെടുന്നതാണെന്നും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, ഇന്ത്യന്‍ ടെലഗ്രാഫ് ആക്ട്, കേബിള്‍ ടെലിവിഷന്‍ റെഗുലേഷന്‍ ആക്ട് എന്നിവ ചാനലിന്റെ മേല്‍ ചുമത്തണമെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മുജീബിന്റെ പരാതിയില്‍ പറയുന്നു.