Kerala News
മത്സരിച്ച നാല് സീറ്റുകളും എന്‍.സി.പിക്ക് വേണം; വിട്ടുവീഴ്ചയ്ക്കില്ലെന്ന് പീതാംബരന്‍ മാസ്റ്റര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 06, 04:47 pm
Wednesday, 6th January 2021, 10:17 pm

തിരുവനന്തപുരം: എല്‍.ഡി.എഫിനുള്ളിലെ തര്‍ക്കത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് എന്‍.സി.പി നേതാവ് ടി.പി പീതാംബരന്‍ മാസ്റ്റര്‍. സംസ്ഥാനത്തെ തര്‍ക്കം കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

മത്സരിച്ച നാല് സീറ്റുകളും എന്‍.സി.പിക്ക് വേണം. മറ്റൊരാള്‍ക്ക് നല്‍കാനുള്ള തീരുമാനം അംഗീകരിക്കില്ല. അന്തിമ തീരുമാനം കേന്ദ്രം എടുക്കും’, പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

കേന്ദ്ര തീരുമാനം സംസ്ഥാനത്ത് എല്ലാവരും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.കെ ശശീന്ദ്രന് പിന്നാലെ ശരദ് പവാറിനെ കാണാന്‍ മാണി.സി കാപ്പനും പീതാംബരന്‍ മാസ്റ്ററും മുംബൈയിലെത്തിയിട്ടുണ്ട്.

ജോസ് കെ. മാണി ഇടതുമുന്നണിയിലെത്തിയതോടെയാണ് എന്‍.സി.പിയ്ക്കുള്ളില്‍ തര്‍ക്കം തുടങ്ങിയത്. പാലാ സീറ്റിനെച്ചൊല്ലി ആദ്യം ഇടതുമുന്നണിയിലും പിന്നീട് മുന്നണി വിടുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളിലും ഭിന്നത ഉയര്‍ന്നു.

മുന്നണി മാറ്റം സംബന്ധിച്ച അഭിപ്രായ രൂപീകരണം ലക്ഷ്യമിട്ട് ജില്ലാ നേതൃയോഗങ്ങള്‍ ചേരുന്നുണ്ട്. സിറ്റിംഗ് സീറ്റുകള്‍ വിട്ടു കൊടുത്തുള്ള നീക്കുപോക്ക് ആരുമായും വേണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. മുന്നണി മാറ്റം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ദേശീയ നേതാവ് പ്രഫുല്‍ പട്ടേല്‍ അടുത്ത ആഴ്ച കേരളത്തിലെത്തുന്നുമുണ്ട്.

അതേസമയം എന്‍.സി.പിയെ യു.ഡി.എഫിലെത്തിക്കാനുള്ള ശ്രമങ്ങളും മറുവശത്ത് നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍.സി.പി മാത്രമല്ല യു.ഡി.എഫില്‍ കൂടുതല്‍ പാര്‍ട്ടികള്‍ എത്തുമെന്ന് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: NCP Conflict TP Peethambaran Master