കോട്ടയം: എന്‍.സി.പിയ്ക്കുള്ളില്‍ തര്‍ക്കം പുകയുന്നതിനിടെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് ഇതുവരെ യു.ഡി.എഫുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍. ജില്ലാ യോഗത്തിന് ശേഷം കോട്ടയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
‘പാലാ സീറ്റിനെ സംബന്ധിച്ച് തര്‍ക്കമുണ്ട്. സീറ്റ് എന്‍.സി.പിയില്‍ നിന്ന് തിരിച്ചെടുക്കുന്നത് ശരിയായ നടപടിയല്ല. സീറ്റ് തോറ്റ പാര്‍ട്ടിക്ക് തിരിച്ചു കൊടുക്കണമെന്ന വാദം വിചിത്രമാണ്’, പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.
അതല്ല എല്‍.ഡി.എഫിന്റെ നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒരു സീറ്റും എന്‍.സി.പി വിട്ട് നല്‍കില്ല. പുതിയ പാര്‍ട്ടികള്‍ മുന്നണിയില്‍ വരുമ്പോള്‍ വിട്ടുകൊടുക്കേണ്ടത് എന്‍.സി.പി മാത്രമല്ല’, പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. അതേസമയം പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ പരിഗണന ലഭിച്ചില്ല എന്ന പരാതി പൊതുവില്‍ ജില്ലാ കമ്മിറ്റികള്‍ക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോസ് കെ. മാണി ഇടതുമുന്നണിയിലെത്തിയതോടെയാണ് എന്‍.സി.പിയ്ക്കുള്ളില്‍ തര്‍ക്കം തുടങ്ങിയത്. പാലാ സീറ്റിനെച്ചൊല്ലി ആദ്യം ഇടതുമുന്നണിയിലും പിന്നീട് മുന്നണി വിടുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളിലും ഭിന്നത ഉയര്‍ന്നു.
മുന്നണി മാറ്റം സംബന്ധിച്ച അഭിപ്രായ രൂപീകരണം ലക്ഷ്യമിട്ട് ജില്ലാ നേതൃയോഗങ്ങള്‍ ചേരുന്നുണ്ട്. സിറ്റിംഗ് സീറ്റുകള്‍ വിട്ടു കൊടുത്തുള്ള നീക്കുപോക്ക് ആരുമായും വേണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. മുന്നണി മാറ്റം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ദേശീയ നേതാവ് പ്രഫുല്‍ പട്ടേല്‍ അടുത്ത ആഴ്ച കേരളത്തിലെത്തുന്നുമുണ്ട്.
അതേസമയം എന്‍.സി.പിയെ യു.ഡി.എഫിലെത്തിക്കാനുള്ള ശ്രമങ്ങളും മറുവശത്ത് നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍.സി.പി മാത്രമല്ല യു.ഡി.എഫില്‍ കൂടുതല്‍ പാര്‍ട്ടികള്‍ എത്തുമെന്ന് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.
മുന്നണിക്കുള്ളില്‍ നിന്ന് എന്‍.സി.പി, യു.ഡി.എഫുമായി ചര്‍ച്ച നടത്തി എന്ന റിപ്പോര്‍ട്ടുകളില്‍ സി.പി.ഐ.എം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക