തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജി ദേശീയനേതൃത്വം തീരുമാനിക്കുമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്റ്റര്‍.
ചാണ്ടി അപരാധിയാണെന്ന് കോടതി പറഞ്ഞിട്ടില്ല രാജി തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിവെക്കുമെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.
രാജിക്കാര്യത്തില്‍ സംസ്ഥാന നേതൃയോഗത്തിലുണ്ടായ പൊതുതീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് പറഞ്ഞ പീതാംബരന്‍ മാസ്റ്റര്‍ എന്നാല്‍ പൊതുവികാരമെന്താണെന്ന് വ്യക്തമാക്കാന്‍ തയാറായില്ല.
മന്ത്രിക്കെതിരെ കോടതി വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല. പാര്‍ട്ടി മന്ത്രിക്കൊപ്പമാണെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജി ആവശ്യപ്പെടുമെന്നും പീതാംബരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, കൊച്ചിയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ തോമസ് ചാണ്ടിക്കെതിരെ പൊതുവികാരമുയര്‍ന്നതായാണു റിപ്പോര്‍ട്ട്. മന്ത്രിയുടെ രാജിക്കായി യോഗത്തില്‍ ആവശ്യമുയര്‍ന്നു. എന്നാല്‍ പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കുമെന്ന നിലപാടിലേക്ക് എത്തുകയായിരുന്നു നേതൃത്വം.
ചാണ്ടി പാര്‍ട്ടിയെ നാണം കെടുത്തിയെന്നു നേതാക്കള്‍ അഭിപ്രായപ്പെട്ടു. ചാണ്ടിയുടെ രാജിയെച്ചൊല്ലി പാര്‍ട്ടി യോഗം ബഹളത്തിലേക്ക് നീങ്ങിയതായാണ് റിപ്പോര്‍ട്ട്. അതിനിടെ, ഹൈക്കോടതിയില്‍നിന്നു രൂക്ഷമായ പരാമര്‍ശങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ദേശീയ നേതാവ് ശരദ് പവാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയിരുന്നു.