| Wednesday, 6th November 2019, 9:49 pm

'ബി.ജെ.പി രാജ്യത്തെ നിഷ്‌ക്രിയ ആസ്തി'; എന്‍.ഡി.എക്കെതിരെ പരിഹാസം കടുപ്പിച്ച് ശരദ് പവാര്‍; 'വലിയ പ്രശ്‌നങ്ങളെ മറച്ചുവച്ചിട്ട് കാര്യമില്ല'

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹാരാഷ്ട്രയില്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കവെയും പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനാവാത്ത ബി.ജെ.പിയെ വിമര്‍ശിച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ രാജ്യത്തെ സംബന്ധിച്ചിടത്തോളം നിഷ്‌ക്രിയാസ്തിയാണെന്ന് പവാര്‍ പരിഹസിച്ചു.

‘എന്‍.ഡി.എ സര്‍ക്കാര്‍ രാജ്യത്തെ സംബന്ധിച്ച് ഒരു എന്‍.പി.എ (non performing asset) ആയിരിക്കുകയാണ്. രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ സാമ്പത്തിക വിദഗ്ധനായ മന്‍മോഹന്‍ സിങ് ജിയും സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ ജേതാവായ അഭിജിത് ബാനര്‍ജിയും പറഞ്ഞ കാര്യങ്ങള്‍ പരിഗണിക്കുകപോലും ചെയ്യാതെ നിലവിലെ അവസ്ഥയെ തട്ടിപ്പ് കാണിച്ച് മറച്ചുവക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതിനായി വലിയ പ്രശ്‌നങ്ങളെ മൂടിവച്ച് താല്‍കാലിക പരിഹാരങ്ങള്‍ മാത്രമാണ് കാണുന്നത്’, പവാര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.സി.പി കോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കില്ലെന്ന് ശരദ് പവാര്‍ വ്യക്തമാക്കിയിരുന്നു. ശിവസേന എം.പി സഞ്ജയ് റാവത്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നയം വ്യക്തമാക്കി ശരദ് പവാര്‍ രംഗത്തെത്തിയത്.

കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം പ്രതിപക്ഷത്തുതന്നെ ഇരിക്കുമെന്ന് ശരദ് പവാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ശിവസേനയും ബി.ജെ.പിയും ജനങ്ങളെ മാനിച്ച് സര്‍ക്കാരുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിരിക്കാനുള്ള ജനവിധിയാണ് കോണ്‍ഗ്രസിനും എന്‍സിപിക്കും ലഭിച്ചിട്ടുള്ളതെന്നും പവാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഉണ്ടാക്കാനായി ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും തമ്മില്‍ നീക്കം നടക്കുന്നുവെന്ന സൂചനകളെയും പവാര്‍ തള്ളി.

സഞജയ് റാവത്ത് തന്നെ കാണാന്‍ വന്നത് സൗഹൃദ സംഭാഷണത്തിനായിരുന്നുവെന്നും പവാര്‍ വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more