ന്യൂദല്‍ഹി: വോട്ടിങ് മെഷീനെതിരെ ആരോപണവുമായി എന്‍.സി.പി നേതാവ് ശരത് പവാര്‍. വോട്ടു ചെയ്യുന്നത് പ്രദര്‍ശിപ്പിക്കുന്നതിനിടെ താന്‍ എന്‍.സി.പിക്കു വോട്ടു ചെയ്തപ്പോള്‍ താരമയ്ക്കാണ് വോട്ടു പോയെന്നാണ് ശരത് പവാറിന്റെ ആരോപണം. മഹാരാഷ്ട്രയിലെ ശാരദ ജില്ലയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ഇ.വി.എമ്മിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എനിക്ക് വ്യക്തിപരമായ അനുഭവമുണ്ട്. ഇ.വി.എമ്മുകളെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ഹൈദരാബാദിലും ഗുജറാത്തിലും ഒരു പ്രദര്‍ശനത്തിനിടെ ഇ.വി.എമ്മില്‍ ഞാന്‍ എന്‍.സി.പിയുടെ ചിഹ്നമായ ക്ലോക്കിനുനേരെ അമര്‍ത്തിയപ്പോള്‍ താമരയ്ക്കാണ് വോട്ടു പോയത്.’ എന്നാണ് പവാര്‍ പറഞ്ഞത്.
വോട്ടിങ് മെഷീനുകളുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികള്‍ ചൂണ്ടിക്കാട്ടി 50% വിവിപാറ്റുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.
നേരത്തെ സമാനമായ ആവശ്യവുമായി പ്രതിപക്ഷം കോടതിയെ സമീപിച്ചപ്പോള്‍, എല്ലാ മണ്ഡലങ്ങളിലേയും 5 വിവിപാറ്റ് മെഷീനുകളിലെ രസീതുകള്‍ എണ്ണണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് വെറും 1% മാത്രമേ ആകൂവെന്നും വോട്ടെടുപ്പിലെ സുതാര്യത ഉറപ്പുവരുത്താന്‍ 50% വിവിപാറ്റുകളെങ്കിലും എണ്ണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്.
5 വിവിപാറ്റ് മെഷീനുകളിലെ രസീതുകള്‍ എണ്ണമെന്ന കോടതി വിധി വന്നതിനുശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ ഇ.വി.എമ്മുകളുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ തെരെഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ കൂടുതല്‍ വിവിപാറ്റുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
ടി.ഡി.പി. നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ആറു ദേശീയ പാര്‍ട്ടികളുടെയും 15 പ്രദേശിക പാര്‍ട്ടികളുടെയും നേതാക്കളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ടി.ഡി.പി.ക്ക് പുറമേ കോണ്‍ഗ്രസ്, എന്‍.സി.പി., എ.എ.പി., സി.പി.ഐ.എം. സി.പി.ഐ., തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി., ആര്‍.എല്‍.ഡി., ലോക് താന്ത്രിക് ജനതാദള്‍, ഡി.എം.കെ. തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളാണ് സുപ്രീംകോടതിയിലെത്തിയത്.