ന്യൂദല്‍ഹി: മന്ത്രിസഭാ നിര്‍ണയത്തില്‍ അതൃപ്തിയുമായി എന്‍.സി.പി അജിത് പവാര്‍ വിഭാഗം നേതാവ് പ്രഫുല്‍ പട്ടേല്‍. സഹമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്യുന്നത് തരംതാഴ്ത്തുന്നതിന് തുല്യമാണെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. യു.പി.എ സര്‍ക്കാരില്‍ താന്‍ കാബിനറ്റ് പദവിയുള്ള മന്ത്രിയായിരുന്നുവെന്നും എന്‍.സി.പി നേതാവ് ചൂണ്ടിക്കാട്ടി.
മൂന്നാം മോദി സര്‍ക്കാരിന്റെ ഭാഗമാകാന്‍ ഇല്ലെന്ന് അജിത് പവാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രഫുല്‍ പട്ടേലിന്റെ പ്രതികരണം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബി.ജെ.പിക്ക് കുറച്ചധികം സമയം നല്‍കിയിട്ടുണ്ടെന്നും നേതൃത്വം പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രഫുല്‍ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
‘സ്വതന്ത്ര ചുമതലയുള്ള ഒരു സഹമന്ത്രിയെ ലഭിക്കുമെന്ന് ഇന്നലെ രാത്രിയാണ് പാര്‍ട്ടി നേതൃത്വത്തിന് അറിയിപ്പ് കിട്ടിയത്. ഞാന്‍ മുമ്പ് കേന്ദ്ര സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയായിരുന്നു.
അതിനാല്‍ ഈ വാഗ്ദാനം ഒരു തരംതാഴ്ത്തലാകും. ഇത് ഞങ്ങള്‍ ബി.ജെ.പി നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. കുറച്ച് ദിവസം കാത്തിരിക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്. അവര്‍ പരിഹാര നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ,’ എന്നാണ് പ്രഫുല്‍ പട്ടേല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
സഖ്യകക്ഷികളുടെ പിന്തുണയില്‍ ഒരു സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ചില മാനദണ്ഡങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാനദണ്ഡങ്ങളെ ഒരു പാര്‍ട്ടിയ്ക്കും വളച്ചൊടിക്കാന്‍ കഴിയില്ലെന്നും പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കി.
അജിത് പക്ഷത്ത് നിന്ന് രണ്ട് എം.പിമാര്‍ക്കാണ് പാര്‍ട്ടി മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ പ്രഫുല്‍ പട്ടേലിനെ കാബിനറ്റിലേക്ക് പരിഗണിക്കാന്‍ മോദി തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്.
മഹാരാഷ്ട്ര അധ്യക്ഷനും പാര്‍ട്ടിയുടെ ഏക എം.പിയുമായ സുനില്‍ തത്കരയെയും മന്ത്രിസഭയിലേക്ക് പരിഗണിച്ചിട്ടില്ല. ഇതിനെ തുടര്‍ന്നാണ് എന്‍.സി.പി അജിത് പവാര്‍ വിഭാഗം ബി.ജെ.പിയോട് ഇടഞ്ഞത്.
Content Highlight: NCP Ajit Pawar faction leader Praful Patel expressed his dissatisfaction with the cabinet selection