|

കാപ്പന് പിന്തുണയില്ല; പാലയില്‍ കാപ്പനെതിരെ എന്‍.സി.പി പ്രവര്‍ത്തകരുടെ പ്രകടനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്കെത്തിയ പാലാ എം.എല്‍.എ മാണി സി. കാപ്പന് പാര്‍ട്ടിക്കുള്ളില്‍ പിന്തുണ കുറയുന്നു. സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ അടക്കമുള്ള എല്ലാ സംസ്ഥാന നേതാക്കളും കാപ്പനെ തള്ളി.

മുന്നണി മാറിയ കാപ്പന്റെ നിലപാടില്‍ പ്രതിഷേധിച്ച് പാലായില്‍ എന്‍.സി.പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കോട്ടയം ജില്ലയിലെ എന്‍.സി.പി എല്‍.ഡി.എഫിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് സംസ്ഥാന സെക്രട്ടറിയും കെ.എസ്.എഫ്.ഇ ഡയറക്ടറുമായ കെ. ആനന്ദക്കുട്ടന്‍ പറഞ്ഞു.

ജില്ലയിലെ 9 മണ്ഡലം കമ്മിറ്റികളും എല്‍.ഡി.എഫില്‍ തുടരണമെന്ന നിലപാടിലാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലാ നേതൃത്വങ്ങള്‍ എല്‍.ഡി.എഫിനൊപ്പം തന്നെയാണെന്ന് അതത് ഭാരവാഹികളെ ഉദ്ധരിച്ച് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

താന്‍ യു.ഡി.എഫ് ഘടകകക്ഷിയാകുമെന്ന് മാണി സി.കാപ്പന്‍ ഇന്ന് പറഞ്ഞിരുന്നു. അടുത്തദിവസം ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുമെന്നും ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുക യു.ഡി.എഫ് ഘടകക്ഷിയായിട്ടായിരിക്കുമെന്നുമാണ് മാണി സി. കാപ്പന്‍ പറഞ്ഞത്.

എന്‍.സി.പി കേന്ദ്രനേതൃത്വം കൈവിട്ടിട്ടില്ലെന്നും മാണി.സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്‍.ഡി.എഫ് തന്നോട് നീതികേട് കാണിച്ചുവെന്നും പാലായിലെ ജനങ്ങള്‍ തന്നോടൊപ്പമാണെന്നും മാണി.സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

പാലാ സീറ്റ് ലഭിക്കാത്ത പക്ഷം യു.ഡി.എഫിലേക്ക് പോകുമെന്ന് മാണി സി. കാപ്പന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഞായറാഴ്ച പാലായില്‍ എത്തുന്നതിന് മുമ്പ് മുന്നണി പ്രവേശനത്തില്‍ തീരുമാനം അറിയിക്കണമെന്നാണ് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടതെന്ന് മാണി സി. കാപ്പന്‍ പറഞ്ഞിരുന്നു.

അതേസമയം എന്‍.സി.പി നേതാവും മന്ത്രിയുമായ എ. കെ. ശശീന്ദ്രന്‍ എല്‍.ഡി.എഫില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്‍.സി.പി യു.ഡി.എഫിലേക്ക് പോയാലും ശശീന്ദ്രന്‍ പക്ഷം എല്‍.ഡി.എഫില്‍ ഉറച്ച് നില്‍ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കാപ്പനോട് എല്‍.ഡി.എഫില്‍ നിന്ന് പോകരുതെന്നും ശശീന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

പാലാ സീറ്റില്‍ മാത്രമേ തര്‍ക്കമുള്ളുവെന്നും ഈയൊരൊറ്റ കാര്യത്തിന് മേല്‍ മുന്നണി വിടേണ്ട സാഹചര്യമില്ലെന്നുമാണ് ശശീന്ദ്രന്‍ അറിയിച്ചിരുന്നത്. കേരളത്തിലെ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം മുന്നണി വിടേണ്ടതില്ല എന്ന നിലപാടിലാണെന്നും തുടര്‍ഭരണ സാധ്യതയടക്കം ഇത്തവണ നിലനില്‍ക്കുന്നുണ്ടെന്നുമാണ് ശശീന്ദ്രന്‍ പറയുന്നത്. ഒരു സീറ്റിന്റെ പേരില്‍ പതിറ്റാണ്ടുകള്‍ നീണ്ട ബന്ധം അവസാനിപ്പിക്കുന്നത് ബുദ്ധിയല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: NCP activist Pala Mani C Kappan LDF UDF