കുണ്ടറയിലെ പീഡന പരാതിയില്‍ നടപടി; പത്മാകരനെയും രാജീവിനെയും സസ്‌പെന്‍ഡ് ചെയ്ത് എന്‍.സി.പി.
Kerala News
കുണ്ടറയിലെ പീഡന പരാതിയില്‍ നടപടി; പത്മാകരനെയും രാജീവിനെയും സസ്‌പെന്‍ഡ് ചെയ്ത് എന്‍.സി.പി.
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd July 2021, 8:49 pm

തിരുവനന്തപുരം: കുണ്ടറയില്‍ സ്ത്രീ പീഡന പരാതിയില്‍ കേസിലെ പ്രതിയായ എന്‍.സി.പി. നിര്‍വാഹക സമിതിയംഗം ജി. പത്മാകരനെ സസ്‌പെന്‍ഡ് ചെയ്തു. വിഷയത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പെണ്‍കുട്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചെന്ന ആരോപണമുയര്‍ന്ന എന്‍.സി.പി നേതാവ് രാജീവിനെയും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

അതേസമയം പത്മാകരനെതിരെ പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായും പെണ്‍കുട്ടി വ്യക്തമാക്കി.

പത്മാകരന് വേണ്ടി മന്ത്രി എ.കെ. ശശീന്ദ്രന്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായിരുന്ന യുവതിയെ എന്‍.സി.പി. സംസ്ഥാന നിര്‍വാഹക സമിതി അംഗം പത്മാകരന്‍ കയ്യില്‍ കയറിപിടിച്ചെന്നും വാട്‌സ്ആപ്പിലൂടെ അപവാദ പ്രചാരണം നടത്തി എന്നുമായിരുന്നു യുവതിയുടെ പരാതി.

യുവതി കൊല്ലത്തെ പ്രാദേശിക എന്‍.സി.പി. നേതാവിന്റെ മകളാണ്. പ്രചാരണ സമയത്ത് ഇവരെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പത്മാകരന്‍ കയ്യില്‍ കയറിപ്പിടിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍ നല്ല നിലയില്‍ വിഷയം തീര്‍ക്കണമെന്നാണ് ശശീന്ദ്രന്‍ പരാതിക്കാരിയുടെ അച്ഛനോട് പറയുന്നത്. അവിടെ ചെറിയ ഒരു ഇഷ്യൂ ഉണ്ട്. അത് നമുക്ക് തീര്‍ക്കണമെന്ന് ശശീന്ദ്രന്‍ പറയുമ്പോള്‍ എന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ് എന്നും, അത് ഒത്തുതീര്‍പ്പാക്കാനാണോ സാര്‍ പറയുന്നതെന്നുമാണ് അതിന് പരാതിക്കാരന്‍ മറുപടിയായി ചോദിക്കുന്നത്.

സംഭവം നടന്ന അന്നുതന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും യുവതിയുടെ പേരില്‍ ഫേക്ക് ഐഡിയുണ്ടാക്കി മോശം പ്രചാരണം നടത്തിയെന്നും ആരോപണമുണ്ട്. പരാതിയില്‍ പറയുന്ന സംഭവങ്ങള്‍ നടന്ന സമയത്തെപ്പറ്റി വ്യക്തതയില്ലെന്ന കാരണം പറഞ്ഞാണ് പൊലീസ് ഇതുവരെ കേസ് എടുക്കാതിരുന്നത്. പദ്മാകരനും, എന്‍.സി.പി. പ്രവര്‍ത്തകന്‍ രാജീവിനും എതിരെ ചൊവ്വാഴ്ചയാണ് പൊലീസ് കേസ് എടുത്തത്.

ഫോണ്‍ സംഭാഷണം പുറത്തായതിന് പിന്നാലെ പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന വിശദീകരണവുമായി ശശീന്ദ്രന്‍ എത്തിയിരുന്നു. ‘പീഡന പരാതിയാണെന്ന് അറിയില്ലായിരുന്നു. പാര്‍ട്ടിയിലെ പ്രശ്‌നമെന്ന നിലയ്ക്കാണ് ഇടപെട്ടത്,’ ശശീന്ദ്രന്‍ പറഞ്ഞു. കാര്യങ്ങള്‍ അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: NCP action against accused of Kundara molestation complaint