| Monday, 22nd March 2021, 11:36 am

എലത്തൂരില്‍ തീരുമാനമായി; വിമത പത്രികകള്‍ പിന്‍വലിക്കണമെന്ന് എം.എം ഹസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തര്‍ക്കം തുടര്‍ന്നിരുന്ന എലത്തൂര്‍ മണ്ഡലത്തില്‍ തീരുമാനം അറിയിച്ച് കോണ്‍ഗ്രസ്. എന്‍.സി.കെ സ്ഥാനാര്‍ത്ഥി സുള്‍ഫിക്കര്‍ മയൂരി തന്നെയാണ് എലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ അറിയിച്ചു.

ഘടക കക്ഷികള്‍ക്ക് നല്‍കിയ സീറ്റ് തിരിച്ചെടുക്കില്ല. മറ്റു വിമത സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കണമെന്നും എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സുള്‍ഫിക്കര്‍ മയൂരിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും ഹസന്‍ അറിയിച്ചു.

ഡി.സി.സിയില്‍ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്ത ശേഷമാണ് ഹസന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അന്തിമ തീരുമാനം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിക്കുന്നുവെന്നും അവരുടെ ആവശ്യങ്ങള്‍ അടുത്ത തവണ പരിഗണക്കുമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി വലിയ തര്‍ക്കമാണ് എലത്തൂരില്‍ നടന്നിരുന്നത്. കഴിഞ്ഞ ദിവസം സമവായത്തിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും കോണ്‍ഗ്രസ് എം.പി എം.കെ രാഘവന്‍ ഇറങ്ങിപ്പോയിരുന്നു. എന്‍.സി.കെ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് എം.കെ രാഘവന്‍ ഇറങ്ങിപ്പോയത്.

മുതിര്‍ന്ന നേതാക്കളടക്കം പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയതോടെ എലത്തൂര്‍ യു.ഡി.എഫിന് കടുത്ത തലവേദനയായിരുന്നു. കോഴിക്കോട് ഡി.സി.സിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അടിപിടിയുണ്ടായിരുന്നു. സമവായ യോഗം തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് എലത്തൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി ഓഫീസിന് പുറത്ത് ബഹളം ആരംഭിച്ചത്. സമവായത്തിന് തയ്യാറല്ലെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു.

എലത്തൂര്‍ സീറ്റ് എന്‍.സി.കെക്ക് വിട്ടുനല്‍കരുതെന്നും അത്തരത്തിലൊരു സമവായത്തിനായാണ് ശ്രമിക്കുന്നതെങ്കില്‍ അംഗീകരിക്കാനാവില്ലെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഡി.സി.സി ഭാരവാഹികള്‍ പ്രവര്‍ത്തകെര അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

എലത്തൂരില്‍ നിന്നും യു.ഡി.എഫിന്റെ ഭാഗമായ മൂന്ന് സ്ഥാനാര്‍ത്ഥികളാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. മാണി സി. കാപ്പന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയുടെ സ്ഥാനാര്‍ത്ഥി സുള്‍ഫിക്കര്‍ മയൂരി, ഭാരതീയ നാഷണല്‍ ജനതാദളിന്റെ സെനിന്‍ റാഷി എന്നിവരും കോണ്‍ഗ്രസ് വിമതനായി കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം യു.വി ദിനേശ് മണിയുമാണ് ഇവിടെ യു.ഡി.എഫില്‍ നിന്നും മത്സരത്തിനായി എത്തിയിരുന്നത്.

എന്‍.സി.പി നേതാവും ഗതാഗത മന്ത്രിയുമായ എ.കെ ശശീന്ദ്രനാണ് ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ശശീന്ദ്രനെതിരെ വിവാദങ്ങളുയര്‍ന്നിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മികച്ച കോണ്‍ഗ്രസ് നേതാവിനെ നിര്‍ത്തിയാല്‍ ജയിക്കാനാകുമെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ നിഗമനം. എന്നാല്‍ സഖ്യകക്ഷിയായ എന്‍.സി.കെയ്ക്ക് യു.ഡി.എഫ് നേതൃത്വം സീറ്റ് നല്‍കുകയായിരുന്നു. ഇതാണ് പ്രവര്‍ത്തകരുടെ എതിര്‍പ്പിന് ഇടയാക്കിയത്.

അതേസമയം തിരുവനന്തപുരത്ത് വെച്ച് നടന്ന യോഗത്തില്‍ വെച്ച് എലത്തൂര്‍ സീറ്റ് തങ്ങള്‍ക്ക് നല്‍കിയിരുന്നുവെന്ന് മറ്റൊരു സഖ്യകക്ഷിയായ ഭാരതീയ നാഷണല്‍ ജനതാദളും അവകാശപ്പെട്ടിരുന്നു. ജനതാദള്‍ പത്രിക പിന്‍വലിച്ചെങ്കിലും യു.വി ദിനേശ് മണി പത്രിക പിന്‍വലിക്കുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: NCK candidate Sulfikkar Mayoori will contest as UDF candidate in Elathoor for Kerala Election 2021

We use cookies to give you the best possible experience. Learn more