ന്യൂദല്‍ഹി: എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകത്തില്‍ ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നുമാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നയം അംഗീകരിക്കില്ലെന്ന് കേരളവും കര്‍ണാടകയും.
എന്‍.സി.ഇ.ആര്‍.ടി സാമൂഹിക പാഠപുസ്തകത്തില്‍ ഇന്ത്യക്ക് പകരം ഭാരതം എന്നാക്കിമാറ്റാനുള്ള എന്‍.സി.ആര്‍.ടി സോഷ്യല്‍ സയന്‍സ് പാനലിന്റെ ശുപാര്‍ശയാണ് വിവാദത്തില്‍ ആയിരിക്കുന്നത്.
‘ഇന്ത്യ’ എന്ന പേര് നിലനിര്‍ത്തി എൻ.സി.ഇ.ആര്‍.ടി യുടെ പാഠപുസ്തകങ്ങള്‍ സ്വന്തം നിലയ്ക്ക് ഇറക്കുന്നതിനെക്കുറിച്ച് പരിശോധിക്കുമെന്ന് കേരള സര്‍ക്കാര്‍ വ്യക്തമാക്കി.
ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റാനുള്ള എന്‍.സി.ഇ.ആര്‍.ടി സമിതിയുടെ തീരുമാനം കര്‍ണാടക സര്‍ക്കാര്‍ അനുകൂലിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും നിലപാടെടുത്തിട്ടുണ്ട്. എന്‍.സി.ഇ.ആര്‍.ടി യെ ഉപയോഗിച്ച് ചരിത്രം മാറ്റി എഴുതാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യ വിരുദ്ധ നിലപാട് എടുത്ത സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ ജനം അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍.സി.ഇ.ആര്‍.ടി സമിതിയുടെ നിലപാട് കേന്ദ്രസര്‍ക്കാരിന്റെതല്ലയെന്നും വിവാദം ഉണ്ടാക്കുന്നവര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടിനായി കാത്തിരിക്കണമെന്നും എന്‍.സി.ഇ.ആര്‍.ടി അധ്യക്ഷന്‍ ദിനേശ് സക്ലാനി പറഞ്ഞു.
പ്ലസ് ടു വരെയുള്ള പാഠഭാഗങ്ങളിലെ മാറ്റം ലക്ഷ്യം വെച്ചാണ് സംഘപരിവാര്‍ അനുകൂലിയായചരിത്രകാരന്‍ സി.ഐ ഐസക് അധ്യക്ഷനായ ഏഴംഗ സമിതിയെ എന്‍.സി.ഇ.ആര്‍.ടി നിയോഗിച്ചത്. ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യ എന്ന വാക്ക് ഉപയോഗിച്ചതെന്നും അതിനു മുന്‍പ് തന്നെ ഭാരത് എന്ന പ്രയോഗം നിലവിലുണ്ടെന്നും സമിതി പറഞ്ഞു.
ചരിത്ര പഠനത്തിനും സമിതി മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുരാതന ഇന്ത്യന്‍ ചരിത്രത്തിന് പകരം ക്ലാസിക്കല്‍ ചരിത്രം എന്ന് പേര് നല്‍കാനും ഹിന്ദു രാജാക്കന്മാരുടെ ചരിത്രം കൂടുതലായി ഉള്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. ഇന്ത്യയുടെ പരാജയങ്ങള്‍ മാത്രമാണ് നിലവില്‍ പഠിപ്പിക്കുന്നതെന്നും പല രാജാക്കന്മാരും മുഗളര്‍ക്ക് മേല്‍ നേടിയ വിജയം പരാമര്‍ശിക്കണമെന്നും എന്‍.സി.ഇ.ആര്‍.ടി ഉന്നതതല സമിതി ശുപാര്‍ശ ചെയ്യുന്നു.
Content Highlight: NCERT Textbook issue on ‘Bharath’ name