'ജനാധിപത്യവും മുഗള്‍ ചരിത്രവും കമ്യൂണിസവും ഇനി കുട്ടികള്‍ പഠിക്കണ്ട'; സിലബസ് പരിഷകരണവുമായി എന്‍.സി.ഇ.ആര്‍.ടി
national news
'ജനാധിപത്യവും മുഗള്‍ ചരിത്രവും കമ്യൂണിസവും ഇനി കുട്ടികള്‍ പഠിക്കണ്ട'; സിലബസ് പരിഷകരണവുമായി എന്‍.സി.ഇ.ആര്‍.ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th April 2023, 8:09 am

ന്യൂദല്‍ഹി: മുഗള്‍ ചരിത്രവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ ഒഴിവാക്കി എന്‍.സി.ഇ.ആര്‍.ടി. പ്ലസ് ടു ക്ലാസുകളിലെ പുസ്തകങ്ങളില്‍ നിന്നാണ് സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി പാഠഭാഗങ്ങള്‍ ഒഴിവാക്കിയിരിക്കുന്നത്.

ചരിത്ര പുസ്തകങ്ങളില്‍ നിന്ന് ‘കിങ്‌സ് ആന്‍ഡ് ക്രോണിക്കിള്‍സ്’, ‘മുഗള്‍ കോര്‍ട്ട്‌സ്’ തുടങ്ങിയ പാഠങ്ങളാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. ഇതു കൂടാതെ പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി പുസ്തകങ്ങളിലും പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

12ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകവും പരിഷ്‌കരിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ രാജ്യത്തെ വളര്‍ച്ചയുമായി ബന്ധപ്പെട്ട ‘റൈസ് ഓഫ് പോപ്പുലര്‍ മൂവ്‌മെന്റ്‌സ്’ എന്ന പാഠവും ‘ഇറ ഓഫ് വണ്‍ പാര്‍ട്ടി ഡോമിനന്‍സ്’ എന്ന പാഠവും പരിഷ്‌കരണത്തിന്റെ ഭാഗമായി സിലബസിന് പുറത്തു പോയി.

‘അമേരിക്കന്‍ ഹെജിമണി ഇന്‍ വേള്‍ഡ്’, ‘ദി കോള്‍ഡ് വാര്‍ ഇറ’ എന്നീ പാഠങ്ങളും സിലബസില്‍ നിന്ന് പുറത്തായവയില്‍ ഉള്‍പ്പെടുന്നു.

10, 11 ക്ലാസുകളിലെ പുസ്തകങ്ങളിലും സമാനമായ മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. 10ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തില്‍ നിന്ന് ‘ഡെമോക്രസി ആന്‍ഡ് ഡൈവേഴ്‌സിറ്റി’, ‘പോപ്പുലര്‍ സ്ട്രഗിള്‍സ് ആന്‍ഡ് മൂവ്‌മെന്റ്‌സ്’ എന്നീ പാഠങ്ങളും 11ാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ നിന്ന് ‘സെന്‍ട്രല്‍ ഇസ്ലാമിക് ലാന്‍ഡ്‌സ്’, ‘കണ്‍ഫ്രണ്ടേഷന്‍ ഓഫ് കള്‍ച്ചേഴ്‌സ്’ എന്നീ ഭാഗങ്ങളുമാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. 2023-24 അധ്യയന വര്‍ഷത്തില്‍ സിലബസ് പ്രാബല്യത്തില്‍ വരുമെന്നാണ് എന്‍.സി.ഇ.ആര്‍.ടി അറിയിച്ചിരിക്കുന്നത്.

സിലബസ് പരിഷ്‌കരണത്തിന് നിരവധിയായ കാരണങ്ങളുണ്ടെന്നാണ് എന്‍.സി.ഇ.ആര്‍.ടി പറയുന്നത്. ഒരേ ക്ലാസിലെ തന്നെ മറ്റ് പാഠ്യവിഷയങ്ങളില്‍ സമാന സ്വഭാവമുള്ള പാഠങ്ങള്‍ വരുന്നതും, താഴ്ന്ന ക്ലാസുകളിലോ ഉയര്‍ന്ന ക്ലാസുകളിലോ ഇതേ വിഷയങ്ങള്‍ പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുന്നതു കൊണ്ടോ ആണ് ഇപ്പോള്‍ ഈ ഒഴിവാക്കല്‍ നടത്തിയിരിക്കുന്നതെന്നാണ് എന്‍.സി.ഇ.ആര്‍.ടിയുടെ വിശദീകരണം. ഹിന്ദി പുസ്തകങ്ങളില്‍ നിന്ന് ചില കവിതകളും നീക്കം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: NCERT Removes mughal, and communist history from text books