പാഠപുസ്തകങ്ങളിൽ 'ഇന്ത്യക്ക്' പകരം 'ഭാരത്'; യുദ്ധങ്ങളിലെ ഹിന്ദു വിജയങ്ങൾ ഉൾപെടുത്തുമെന്നും എൻ.സി.ഇ.ആർ.ടി
ന്യൂദൽഹി: സ്കൂൾ പാഠപുസ്തകങ്ങളിൽ ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്നാക്കുവാൻ ശുപാർശയുമായി എൻ.സി.ഇ.ആർ.ടി.
പാഠ്യപദ്ധതിയിൽ പ്രാചീന ചരിത്രത്തിന് പകരം ക്ലാസിക്കൽ ചരിത്രം കൊണ്ടുവരുമെന്നും എല്ലാ വിഷയങ്ങളുടെയും സിലബസിൽ ഇന്ത്യൻ നോളേജ് സിസ്റ്റം (ഐ.കെ.എസ്) ഉൾപ്പെടുത്തുമെന്നും പാഠ്യപദ്ധതി പരിഷ്കരണ കമ്മിറ്റി ചെയർപേഴ്സൺ സി.ഐ. ഐസക് അറിയിച്ചു.
എല്ലാ ക്ലാസുകളിലെയും പാഠപുസ്തകങ്ങളിൽ ഇന്ത്യക്ക് പകരം ഭാരത് എന്ന് ഉപയോഗിക്കാൻ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു എന്ന് ഐസക്കിനെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
വിവിധ യുദ്ധങ്ങളിലെ ‘ഹിന്ദു വിജയങ്ങൾക്ക്’ പാഠപുസ്തകങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകാനും കമ്മിറ്റി ശുപാർശ ചെയ്തു.
‘നമ്മുടെ പരാജയങ്ങളാണ് നിലവിൽ പുസ്തകങ്ങളിൽ ഉള്ളത് എന്നാൽ മുഗളന്മാർക്കും സുൽത്താന്മാർക്കുമെതിരെയുള്ള നമ്മുടെ വിജയങ്ങൾ അതിലില്ല,’ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക് റിസേർച്ചിന്റെ അംഗം കൂടിയായ ഐസക് പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ അടിസ്ഥാനത്തിലാണ് എൻ.സി.ഇ.ആർ.ടി സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുന്നത്. പാഠ്യപദ്ധതി, പുസ്തകങ്ങൾ, പഠന സഹായികൾ എന്നിവ തീരുമാനിക്കാൻ 19 അംഗ കമ്മിറ്റിയെ ഈയിടെയാണ് രൂപീകരിച്ചത്
നേരത്തെ പതിനൊന്ന് പന്ത്രണ്ട് ക്ലാസുകളിലെ ചരിത്രം, രാഷ്ട്രമീമാംസ പുസ്തകങ്ങളിൽ പാഠങ്ങൾ വീട്ടിച്ചുരുക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. എൻ.സി.ഇ.ആർ.ടിയുടെ ശുപാർശയെ തുടർന്നായിരുന്നു സി.ബി.എസ്.ഇ പുസ്തകങ്ങളിൽ ചരിത്ര ഭാഗങ്ങൾ വെട്ടിച്ചുരുക്കിയത്. ചേരിചേരാ പ്രസ്ഥാനം, ശീതയുദ്ധം, ഖലീഫയുടെ ഉദയം, ആഫ്രിക്കൻ, ഏഷ്യൻ മേഖലയിലെ ഇസ്‌ലാമിക സാമ്രാജ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളായിരുന്നു ഒഴിവാക്കിയത്.
പത്താം ക്ലാസിലെ ജനാധിപത്യവുമായി ബന്ധപ്പെട്ട പാഠഭാഗവും ഫായിസ് അഹമ്മദ് ഫായിസിന്റെ രണ്ട് കവിതകളും ഒഴിവാക്കിയതും വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
Content Highlight: NCERT panel recommends replacing ‘India’ with ‘Bharat’ in school textbooks